തൊടുപുഴ: നിയന്ത്രണം വിട്ട കാർ തൊടുപുഴയാറിലേക്ക് മറിഞ്ഞെങ്കിലും ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. തൊടുപുഴ ടൗൺ ഹാളിനു സമീപം തയ്യൽ സ്ഥാപനം നടത്തുന്ന നേര്യമംഗലം പനങ്ങാട്ട് പ്രഹ്ലാദൻ, ഭാര്യ സന്ധ്യ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ക്ഷേത്രത്തിൽ പോയി തിരികെ വന്നശേഷം പുഴയുടെ തീരത്തുള്ള കടയുടെ മുമ്പിലായി കാർ ഒതുക്കി നിറുത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. സന്ധ്യയാണ് വാഹനം ഓടിച്ചിരുന്നത്. വാഹനം മുന്നോട്ട് എടുക്കുന്നതിനിടെ പുഴയുടെ അരികിലെ കാലപ്പഴക്കത്താൽ ഭാഗികമായി തകർന്ന ചെറിയ സംരക്ഷണ വേലിയിൽ ഇടിച്ച് 25 അടി താഴ്ചയിൽ ആറ്റിലേക്ക് വീഴുകയായിരുന്നു. കാർ വെള്ളത്തിൽ മുങ്ങിയെങ്കിലും പുഴയിൽ വെള്ളം കുറവായിരുന്നതിനാൽ ഇരുവർക്കും പെട്ടെന്നു പുറത്തിറങ്ങാനായില്ല. മുൻഭാഗം പുഴയുടെ അടിത്തട്ടിൽ ഇടിച്ചു കാർ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. വിൻഡോയുടെ ഗ്ലാസ് താഴ്ത്തി വച്ചിരിക്കുകയായിരുന്നു. ഇതിലൂടെ സന്ധ്യയെ പുറത്തിറക്കിയതിനു ശേഷം പ്രഹ്ലാദനും പുറത്തിറങ്ങി സമീപത്തെ കടവിലൂടെ മുകളിൽ കയറി. തുടർന്ന് ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഭാഗികമായി തകർന്ന കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റി. അപകടവിവരമറിഞ്ഞ് തൊടുപുഴ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.