തൊടുപുഴ: 23, 24, 25 തീയതികളിൽ അടൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻസഭയുടെ 20-ാം സംസ്ഥാന സമ്മേളനത്തിൽ സ്ഥാപിക്കുന്നതിനുള്ള ബാനർ ആദ്യകാല കർഷക പോരാട്ട ഭൂമിയായ കുമളിയിലെ അമരാവതിയിൽ നിന്ന് 21 വൈകിട്ട് പുറപ്പെടുമെന്ന് കിസാൻ സഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 21ന് വൈകിട്ട് നാലിന് കുമളി ഒന്നാം മൈലിൽ ചേരുന്ന വമ്പിച്ച പൊതുസമ്മേളനത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ബാനർജാഥ ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 10ന് ബാനർ ജാഥ അണക്കര, നെടുങ്കണ്ടം, കട്ടപ്പന, അയ്യപ്പൻകോവിൽ, ഉപ്പുതറ, ഏലപ്പാറ, 35ാം മൈൽ, എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് എത്തിച്ചേരും. വാർത്താ സമ്മേളനത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ. ഷാജി, തൊടുപുഴ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സജി പൗലോസ്, താലൂക്ക് സെക്രട്ടറി ബാബു കളപ്പുര എന്നിവർ പങ്കെടുത്തു.