തൊടുപുഴ: മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ വാഹനമായ ഇന്റർസെപ്ടർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു. ഡ്രൈവറും മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം വന്നതിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്. ചൊവ്വാഴ്ച രാവിലെ 11.45ന് നെടിയശാല വാഴപ്പള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇവിടൊരു ക്വാറിയിൽ പാറ കയറ്റിയ വാഹനങ്ങൾ അമിത വേഗതയിൽ പായുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് തിരിച്ചു വരവെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നിറുത്താൻ ശ്രമിച്ചപ്പോഴേക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. റോഡ് സൈഡിലുണ്ടായിരുന്ന ചുറ്റുവേലിയിൽ തട്ടി അടുത്തുള്ള പറമ്പിലേക്ക് പാഞ്ഞ വാഹനം തെങ്ങിൽ തട്ടി നിൽക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്. ഉടൻതന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡ്രൈവറുടെ പ്രമേഹത്തിന്റെ അളവ് കുറഞ്ഞ് പോയതാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകാൻ കാരണം. വാഹനം ട്രാൻസ്‌ഫോർമറിൽ ഇടിക്കാഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. നിരവധി അത്യാധുനിക സൗകര്യങ്ങളുള്ള ഇന്റർസെപ്ടർ കഴിഞ്ഞ മാസമാണ് നിരത്തിലിറങ്ങിയത്.

സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രോൾ

മോട്ടോർ വാഹനവകുപ്പിന്റെ ഇന്റർസെപ്ടർ തെങ്ങിലിടിച്ചതിന്റെ പടം സഹിതം സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി ട്രോൾ പ്രചരിക്കുന്നു. നാട്ടുകാരെ മുഴുവൻ മര്യാദയ്ക്ക് വണ്ടിയോടിപ്പിക്കാൻ നടക്കുന്നവരാണെന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. വി.ടി. ബൽറാം എം.എൽ.എയുടെ ഫേസ്ബുക്ക് പേജിലടക്കം പലരും ഈ ചിത്രം കമന്റായി ഇട്ടു.