കട്ടപ്പന: കട്ടപ്പന നഗരസഭയിൽ സമ്പൂർണ മാലിന്യ നിർമാർജന പദ്ധതിയായ ഹരിത കട്ടപ്പന മിഷൻ ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. നഗരസഭയിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതി ഹരിത കർമസേനയുടെ മേൽനോട്ടത്തിലാണ് നടപ്പാക്കുന്നത്. സ്ഥാപനങ്ങളിൽ നിന്നു ഫീസ് ഈടാക്കിയാണ് മാലിന്യം ശേഖരിക്കുന്നത്. മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് തുക നിശ്ചയിക്കുന്നത്. സേനയുടെ നേതൃത്വത്തിൽ 24 മുതൽ നഗരസഭയിലെ വാണിജ്യ സ്ഥാപനങ്ങളുടെ വിവരശേഖരണം ആരംഭിച്ച് മാർച്ച് 10ഓടെ പൂർത്തിയാക്കും. ഒരു വാർഡിൽ നിന്നു രണ്ടുപേർ വീതമടങ്ങുന്ന 68 പേരാണ് സേനയിലുള്ളത്. മാർച്ച് 20ന് മാലിന്യ ശേഖരണം ആരംഭിക്കും. ഏപ്രിൽ ഒന്നിന് പദ്ധതിയുടെ പ്രഖ്യാപനവും വിളംബര റാലിയും നടത്തുന്നതിനും ഗാർഹികതല സർവേ ആരംഭിക്കുന്നതിനും തീരുമാനമായി.
ഇന്നലെ നടന്ന ആലോചന യോഗം നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സമിതി ചെയർമാൻ തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ഹരിത മിഷൻ പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്ന നോർത്താംപ് ഇ.എൻ.വി. സൊലൂഷൻസിന്റെ പ്രതിനിധി സക്കറിയ ജോയി പദ്ധതി വിശദീകരിക്കും. കൗൺസിലർമാരായ ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലൂപ്പുരയിടം, സി.കെ. മോഹനൻ, മേഴ്സി സ്‌കറിയ, ബിന്ദു സെബാസ്റ്റ്യൻ, തങ്കമണി രവി, മഞ്ജു സതീഷ്, റജീന തോമസ്, ബെന്നി കുര്യൻ, ലൗലി ഷാജി, എൽസമ്മ, ബിന്ദുലത രാജു, സെലിൻ ജോയി, താലൂക്ക് ആശുപത്രി സൂപ്രണ്ട് വി.ബി. അജിത് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്ലി പി.ജോൺ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ്, സി.ഡി.എസ്. ചെയർപേഴ്സൺ ഗ്രേസ്‌മേരി ടോമിച്ചൻ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.