തൊടുപുഴ: കുമാരമംഗലത്ത് ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്ക് അഡ്വ. സി.എസ്. അജയനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സംസ്ഥാന സർക്കാർ നിയമിച്ചു. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം കവടിയാർ സ്വദേശി അരുൺ ആനന്ദിന് എതിരായ കേസിലാണ് ഇദ്ദേഹത്തിന്റെ നിയമനം. കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകനായ സി.എസ്. അജയൻ സമീപകാലത്ത് ശിക്ഷ വിധിച്ച കെവിൻ ദുരഭിമാന കൊലക്കേസിലെയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു. ഈ കേസിന്റെ വിധി പ്രസ്താവത്തിനിടെ കോടതി ഇദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചിരുന്നു. സൂര്യനെല്ലി, പന്തളം പീഡന കേസുകളിലും അജയൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു.