തൊടുപുഴ: വികസന പദ്ധതികളിലെ പിതൃത്വത്തെ ചൊല്ലി നഗരസഭാ കൗൺസിൽ ഭരണ- പ്രതിപക്ഷ ബഹളം. 29ാം വാർഡിൽ പകൽവീട്, അംഗൻവാടി എന്നിവയ്ക്കായി 50 സെന്റ് സ്ഥലം എം.വി.ഐ.പിയിൽ നിന്ന് വിലയ്ക്കു വാങ്ങിയതുമായി ബന്ധപ്പെട്ട അജണ്ട ചർച്ചയ്ക്കെടുത്തപ്പോഴാണ് അംഗങ്ങൾ തമ്മിൽ വാക് പോരുണ്ടായത്. നഗരസഭാ കൗൺസിലിന്റെ നേട്ടമായി പദ്ധതിയെ കാണണമെന്നും ഒരു വ്യക്തിയിലേക്കായി അതു കേന്ദ്രീകരിക്കരുതെന്നും ജാഫർ പറഞ്ഞതോടെ എൽ.ഡി.എഫ് അംഗങ്ങളായ കെ.കെ. ഷിംനാസും ബിൻസി അലിയും പി.വി. ഷിബുവും എതിർപ്പുമായി രംഗത്തെത്തി. എന്നാൽ വികസന പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുന്നതിൽ തെറ്റില്ലെന്ന് ബി.ജെ.പി അംഗം ബാബു പരമേശ്വരൻ പറഞ്ഞു. വികസന കാര്യങ്ങളിൽ കൗൺസിൽ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്ന് ചെയർപഴ്‌സൺ ജെസി ആന്റണി പറഞ്ഞു. ആധുനിക അറവുശാലയ്ക്ക് രാജീവ് പുഷ്പാംഗദൻ, മുനിസിപ്പൽ പാർക്കിന്റെ നവീകരണത്തിന് ടി.കെ. സുധാകരൻ നായർ എന്നിങ്ങനെ ലക്ഷ്യപൂർത്തീകരണത്തിന് ചില അംഗങ്ങൾ അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ടെന്നും ചെയർപേഴ്‌സൺ ചൂണ്ടിക്കാട്ടി.

മാലിന്യം ഓടയിലേക്കും പുഴയിലേക്കും ഒഴുക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കുമെതിരെ നടപടി വേണമെന്നും ചിലരെ മാത്രം ലക്ഷ്യം വച്ചാണ് പരിശോധനയെന്ന് ആക്ഷേപമുണ്ടെന്നും ബാബു പരമേശ്വരൻ പറഞ്ഞു. എന്നാൽ നഗരസഭയെ വെല്ലുവിളിച്ച് വെങ്ങല്ലൂർ ഷാപ്പുംപടിയിലെ ഒരു ഹോട്ടലുടമ നിരന്തരം മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നും ഇതിൽ വ്യക്തിവൈരാഗ്യമില്ലെന്നുമായിരുന്നു കൗൺസിലർ ടി.കെ. സുധാകരൻ നായർ പറഞ്ഞത്. പരിശോധന നടത്തിയപ്പോൾ ഹോട്ടൽ തൊഴിലാളികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് നഗരസഭ ഉദ്യോഗസ്ഥരും കൗൺസിലിനെ അറിയിച്ചു. പരിശോധന ഒരു ഹോട്ടലിൽ മാത്രം ഒതുക്കരുതെന്നും തൊടുപുഴയാറിന്റെ തീരത്തുള്ള എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തണമെന്നും കെ.കെ. ഷിംനാസ് ആവശ്യപ്പെട്ടു.