തൊടുപുഴ: ചെയർപേഴ്സണായി അധികാരമേറ്റ് കൃത്യം ഒരാണ്ട് തികഞ്ഞപ്പോൾ സ്ഥാനമൊഴിഞ്ഞ് പ്രൊഫ. ജെസി ആന്റണി. ഇന്നലെ വൈകിട്ട് ആറോടെ നഗരസഭാ സെക്രട്ടറി രാജശ്രീ പി. നായർക്കാണ് രാജി സമർപ്പിച്ചത്. വൈസ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദ്, കൗൺസിലർമാരായ ടി.കെ. സുധാകരൻ നായർ, സി.കെ. ജാഫർ, നഗരസഭാ ജീവനക്കാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. മങ്ങാട്ടുകവലയിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച ഫയലാണ് ജെസി ആന്റണി അവസാനമായി ഒപ്പുവച്ചത്. രാജി വച്ച കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. കമ്മിഷൻ തീരുമാനിക്കുന്ന ദിവസം തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് കഴിയും വരെ വൈസ് ചെയർമാൻ ഷാഹുൽഹമീദിനാണ് ചെയർമാന്റെ ചുമതല. അറയ്ക്കപ്പാറ 26-ാം വാർഡ് കൗൺസിലർ സിസിലി ജോസാകും യു.ഡി.എഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി. ഒരു വർഷ കാലയളവിൽ വെങ്ങല്ലൂർ മുനിസിപ്പൽ സ്കൂൾ നവീകരണം, പാറക്കടവിലെ പകൽ വീട്, ടൗൺഹാൾ ലിഫ്‌റ്റ്, മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ, തൊടുപുഴ ഭൗമ നഗരസഭ, ആസ്തിവികസനത്തിന് 50 സെന്റ് സ്ഥലം വാങ്ങിയത് തുടങ്ങിയ പ്രവർത്തനകളാണ് ചെയർപേഴ്സണായി ചെയ്യാനായത്. ഇതുകൂടാതെ പത്തോളം പദ്ധതികൾ പൂർത്തീകരിച്ചുവരികയാണ്. തികഞ്ഞ സംതൃപ്തിയോടെയാണ് രാജിവച്ചയൊഴിയുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു.