ഇടുക്കി: പൂപ്പാറ- കുമളി സംസ്ഥാന പാതയിൽ ചതുരംഗപ്പാറയ്ക്ക് സമീപം കാർ കുഴിയിലേയ്ക്ക് മറിഞ്ഞ് ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മരിച്ചു. മാവേലിക്കര നൂറനാട് സ്വദേശി ഡോ. ബിബിനാണ് (35) മരിച്ചത്.
ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. മുരിക്കുംതൊട്ടിയിലെ വീട്ടിൽ നിന്ന് ആലപ്പുഴയിലെ തറവാട് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ചതുരംഗപ്പാറയ്ക്ക് സമീപത്തെ കൊടുംവളവിലെ പാലത്തിൽ നിന്ന് കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. ഡോക്ടർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ ശബ്ദം കേട്ട് സമീപത്തെ എസ്റ്റേറ്റ് ജീവനക്കാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഉടുമ്പഞ്ചോല ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലത്തിന് കൈവരിയില്ലാത്തതും രാത്രിയിലെ മൂടൽമഞ്ഞുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാജകുമാരി പ്രാഥമികാരോഗ്യകന്ദ്രത്തിൽ പൊതുദർശനത്തിന് വച്ചു. ഹൈറേഞ്ചിലെ പാവങ്ങൾക്കിടയിൽ ഏറെ ജനപ്രിയനായ ഡോ. ബിബിൻ രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്ന് വർഷം സേവനം അനുഷ്ഠിച്ച ശേഷമാണ് ചിന്നക്കനാൽ പി.എച്ച്.സിയിലേക്ക് സ്ഥലംമാറിയെത്തിയത്. സ്കൂൾ- കോളേജ് കലോത്സവങ്ങളിൽ നിരവധി തവണ കലാപ്രതിഭയായിരുന്നു. ഭാര്യ: ശിൽപ്പ. മകൾ: ദ്യുതി