ganja-

കട്ടപ്പന: നിർമാണത്തിലിരിക്കുന്ന വീടിന്റെ കിടപ്പുമുറിയിൽ ഗ്രോബാഗുകളിൽ കഞ്ചാവ് കൃഷി ചെയ്തുവന്ന യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നിർമലാസിറ്റി കണ്ണംകുളം മനു തോമസാണ് (30) പിടിയിലായത്. ഗ്രോബാഗുകളിലായി 40 സെന്റിമീറ്റർ വരെ വളർച്ചയെത്തിയ എട്ടു കഞ്ചാവ് ചെടികളാണ് വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ജനാലകൾ ടാർപ്പോളിൻ ഉപയോഗിച്ചു മറച്ചിരുന്നു. മുറിക്കുള്ളിൽ വെളിച്ചത്തിനായി വൈദ്യുതി ലൈറ്റുകളും ക്രമീകരിച്ചിരുന്നു. വർഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന മനു വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം പട്രോളിംഗിനിടെ കഞ്ചാവ് കൃഷിയെക്കുറിച്ച് വിവരം ലഭിച്ച എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വീട്ടിൽ പരിശോധന നടത്തി.കട്ടപ്പന എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ബി. ബിനു, പ്രിവന്റീവ് ഓഫീസർ പി.ബി. രാജേന്ദ്രൻ, സി.ഇ.ഒമാരായ ജെയിംസ് മാത്യു, പി.സി. വിജയകുമാർ, ജസ്റ്റിൻ പി.ജോസഫ്, എക്‌സൈസ് ഡ്രൈവർ ഷിജോ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.