കുമളി: വണ്ടിപ്പെരിയാർ വനാതിർത്തി പ്രദേശങ്ങളിൽ ഭീതി പരത്തിയ പുലിയെ വനംവകുപ്പ് കെണിയിലാക്കി. ചൊവ്വാഴ്ച്ച രാത്രിയിലാണ് വണ്ടിപ്പെരിയാറിന് സമീപം നെല്ലിമല ആറ്റോരം പ്രദേശത്ത് സ്ഥാപിച്ച കെണിയിൽ പുലി വീണത്. കുമളി റേഞ്ചാഫീസർ കെ.വി. രതീഷിന്റെ നേതൃത്വത്തിലായിരുന്നു പുലിയെ കുടുക്കാൻ കെണി സ്ഥാപിച്ചത്. ഇന്നലെ രാവിലെ വള്ളക്കടവ് പ്രദേശത്തെ ഉൾവനത്തിൽ പുലിയെ തുറന്നു വിട്ടു. വനത്തിനുള്ളിൽ നിന്ന് വഴിതെറ്റിയെത്തിയ പുലി നാളുകളായി വണ്ടിപ്പെരിയാർ, നെല്ലുമല, ഡൈമുക്ക്, വാളർഡി പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്നു. പുലിയെ കണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടപ്പോൾ പൂച്ചപ്പുലിയാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.മാസങ്ങളായി ഇവിടിങ്ങളിലുള്ള വളർത്തുമൃഗങ്ങളെ പുലി പിടിച്ചു കൊല്ലാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നെല്ലിമല ആറ്റോരം ഭാഗത്ത് താമസിക്കുന്ന സജിയുടെ രണ്ട് ആട്ടിൻകുട്ടികളെ പുലി പിടിച്ചു.. തുടർന്ന് പഞ്ചായത്ത് അംഗത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായായി വനംവകുപ്പ് കെണി സ്ഥാപിച്ചത്. വന്യമൃഗങ്ങൾ വനത്തിൽ നിന്ന് പുറത്തെത്താതിരിക്കാനുള്ള കിടങ്ങുകൾ പലയിടത്തും തകർന്ന് കിടക്കുന്നതാണ് പുലി ഉൾപ്പെടെയുള്ള വന്യജീവികൾ നാട്ടിലെത്താൻ കാരണമെന്നാണ് അക്ഷേപം.