തൊടുപുഴ: സ്വന്തം വീട് പോസ്റ്റ് ഓഫീസാക്കി മാറ്റിയ പോസ്റ്റ് മാസ്റ്റർ കാർത്യായനി സർവീസിൽ നിന്ന് വിരമിക്കുന്നതോടെ 'മ്രാല പി.ഒ" എന്ന മേൽവിലാസം ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് ഒരു ജനത. ഒന്നര പതിറ്റാണ്ടായി മ്രാലയിലെ പോസ്റ്റ്ഓഫീസ് തൊടുപുഴ- മൂലമറ്റം റോഡരികിലെ കാർത്യായനിയുടെ വീടാണ്. എന്നാൽ മാർച്ച് 23ന് വിരമിക്കുന്നതിനാൽ തന്റെ വീട്ടിൽ നിന്ന് പോസ്റ്റ് ഓഫിസ് മാറ്റണമെന്ന് കാർത്യായനി പോസ്റ്റൽ അധികാരികളെ നേരത്തെ അറിയിച്ചിരുന്നു. പകരമൊരു കെട്ടിടം ഇതുവരെ കണ്ടെത്താനാകാത്തതാണ് പ്രശ്നം. മ്രാലയിൽ 1980ലാണ് പോസ്റ്റ് ഓഫീസ് നിലവിൽ വരുന്നത്. 15 രൂപ വാടകയ്ക്ക് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് അന്ന് പ്രവർത്തനം ആരംഭിച്ചത്. നാളുകൾ പിന്നിട്ടതോടെ കെട്ടിട ഉടമ വാടക കൂട്ടി. കെട്ടിടത്തിന്റെ വാടക പോസ്റ്റ്മാസ്റ്ററുടെ ശമ്പളത്തിൽ നിന്ന് വേണമായിരുന്നു നൽകാൻ. അന്ന് 80 രൂപയായിരുന്നു കാർത്യായനിയുടെ ശമ്പളം. വാടക കൂട്ടി നൽകാൻ നിവൃത്തിയില്ലാതെ കാർത്യായനി സ്വന്തം വീട് തന്നെ പോസ്റ്റ്ഓഫീസാക്കി മാറ്റുകയായിരുന്നു. ഇപ്പോഴും ഈ വീടിന്റെ ഒറ്റമുറിയിലാണ് മ്രാലയിലെ പോസ്റ്റ് ഓഫീസിന്റെ ദൈനംദിന പ്രവർത്തികൾ നടക്കുന്നത്. കാർത്യായനിയെ കൂടാതെ സഹായിയായി ഒരു പോസ്റ്റ്‌മാനുമുണ്ട്.

ചില ഇടങ്ങളിൽ പഞ്ചായത്ത് സൗജന്യമായി നൽകുന്ന മുറികളിലാണ് പോസ്റ്റ്ഓഫീസ് പ്രവർത്തിക്കുന്നത്. ഇതനുസരിച്ച് 200 ആളുകൾ ഒപ്പിട്ട നിവേദനം കരിങ്കുന്നം പഞ്ചായത്തിന് നൽകിയെങ്കിലും ഇതുവരെ അനുകൂല തീരുമാനമായില്ല.

"കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത്‌ കമ്മിറ്റിയുടെ തീരുമാന പ്രകാരം കെട്ടിടം നൽകാനാകും. എന്നാൽ ഇത്തരം സൗകര്യം കരിങ്കുന്നം പഞ്ചായത്തിൽ ഇല്ല. മ്രാലയിലുള്ള വെയ്‌റ്റിംഗ്ഷെഡ് ഇതിനായി വിട്ട് നൽകാൻ നിയമ പ്രശ്നം ഉണ്ട് "

-ബിന്ദു ബിനു, കരിങ്കുന്നം പഞ്ചായത്ത്‌ പ്രസിഡന്റ്

"പോസ്റ്റ് മാസ്റ്റർ വിരമിച്ചാലും മ്രാലയിലെ പോസ്റ്റ്‌ ഓഫീസിന്റെ പ്രവർത്തനം നിലയ്ക്കില്ല"

-പോസ്റ്റൽ അസിസ്റ്റന്റ്, തൊടുപുഴ