ചെറുതോണി: ജില്ലയിലെ അതി പ്രധാന ടൂറിസ കേന്ദ്രമായ പാൽക്കുളംമേട്ടിലേക്കുള്ള വഴിയിൽ വനംവകുപ്പ് ചെക്പോസ്റ്റ് സ്ഥാപിച്ച് ടൂറിസത്തിന്റെ ചിറകരിഞ്ഞു. ആൽപ്പാറ വഴിയും മണിയാറൻകുടി വഴിയും പാൽക്കുളംമേട്ടിലേയ്ക്ക് പ്രതിദിനം നൂറുകണക്കിനാളുകൾ എത്തുന്ന പ്രധാന പാതകളാണ് കഴിഞ്ഞ ദിവസം ഫോറസ്റ്റ് അധികൃതർ ഇരുമ്പു പൈപ്പ് സ്ഥാപിച്ച് അടച്ചത്. ഇതോടെ ഇരുചക്രവാഹനങ്ങൾ പോലും കടന്നുപോകാത്ത അവസ്ഥയിലായി. പാൽക്കുളംമേടിന് അടിവശത്തായി അറുപതോളം കുടിയേറ്റ കർഷകർക്ക് കൈവശ ഭൂമിയുണ്ട്. കാർഷിക മേഖല തകർന്നതും ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞും കടക്കെണിമൂലം ഗതികേടിലായ പ്രദേശവാസികൾക്ക് ഇവിടുത്തെ ഏക പ്രതീക്ഷ പാൽക്കുളം ടൂറിസം പദ്ധതിയാണ്. ടൂറിസം സെന്ററിന്റെ വികസനത്തിനായി ത്രിതല പഞ്ചായത്തുകൾക്കു പുറമെ ജില്ലാ ഭരണകൂടത്തോടും സംസ്ഥാന സർക്കാരിനോടും ഇടപെടാൻ ആവശ്യപ്പെട്ട് ജനപ്രത്രിനിധികളുടെ നേതൃത്വത്തിൽ നീക്കം നടക്കുമ്പോഴാണ് വനം വകുപ്പ് യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡ് അടച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും രണ്ടു വാഹനത്തിലെത്തിയ സന്ദർശകരുടെ വാഹനം കടന്നുപോകാൻ കഴിയാത്തതിനാൽ പാൽക്കുളംമേടിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ കഴിയാതെ തിരികെ പോകേണ്ടതായി വന്നു. പാൽക്കുളംമേട് ടൂറിസം പദ്ധതി നടപ്പായാൽ പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയിലെ നിരവധി യുവാക്കൾക്ക് തൊഴിലും ജീവിത മാർഗവുമാകുമെന്നിരിക്കെ ജനജീവിതം പ്രതിസന്ധിയിലാക്കുന്ന തരത്തിൽ വനംവകുപ്പ് അധികൃതർ നടത്തുന്ന നീക്കത്തിനെതിരെ നാട്ടിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. വിനോദ സഞ്ചാര വികസനത്തിനായി വൻപദ്ധതി പ്രഖ്യാപിക്കുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണ കൂടവും വനം വകുപ്പിന്റെ ചെയ്തികളിൽ മൗനംപാലിക്കുന്നതിൽ ദുരുഹതയുണ്ടെന്ന് പ്രദേശവാസികളാരോപിച്ചു.
ഹൈറേഞ്ചിലെ സുന്ദരഭൂമി
ജില്ലാസ്ഥാന മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പാൽക്കുളംമേട് വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടുക്കുന്നതാണ്. പാൽക്കുളംമേട്ടിൽ നിന്നാൽ ഇടുക്കി പദ്ധതിയുടെ ഭാഗങ്ങളും രാമക്കൽമേടും കല്യാണത്തണ്ടും മൂന്നാർ ഭാഗങ്ങളും കാണാം. തെളിഞ്ഞ അന്തരീക്ഷമുള്ള സായാഹ്നങ്ങളിൽ എറണാകുളം, കോട്ടയം, പട്ടണങ്ങളുടെ ഭാഗങ്ങൾ വരെ കാണാനാവുമെന്ന് നാട്ടുകാരും സന്ദർശകരും പറയുന്നു. ഒരു മാസം മുമ്പ് എറണാകുളത്തു നിന്ന് ബുള്ളറ്റ് യാത്രികരായ വനിതകൾ ഇവിടെയെത്തി പാൽക്കുളംമേടിന്റെ പേര് സംസ്ഥാന തലത്തിൽ തന്നെ ചർച്ചയ്ക്കിടയാക്കി.
'1958 മുതൽ കൃഷി ചെയ്ത് കൈവശം വച്ച് അനുഭവിച്ചുവരുന്ന ഈ ഭൂമിയിലേയ്ക്കുള്ള വഴിയും ആൽപ്പാറ പാൽക്കുളം മേട് റോഡാണ്. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വനം വകുപ്പ് ഇരുമ്പു പൈപ്പ് സ്ഥാപിച്ച് വഴിയടച്ചത് '
കർഷകർ