മുട്ടം: മുട്ടത്ത് ഇടപ്പള്ളി ഭാഗത്ത് നാല്പേർക്ക് കുളവിയുടെ കുത്തേറ്റു. ഇന്നലെ ഉച്ചക്ക് 12.45 നാണ് സംഭവം. കന്യാമല മലയാറ്റിൽ അക്കാമ്മ, ചമേലിൽ ഏലിയാമ്മ, ഇടപ്പള്ളി പ്ലാക്കൂട്ടത്തിൽ റിറ്റൊ, ഇറപ്പുറത്ത് കൊച്ച് എന്നിവർക്കാണ് കുളവിയുടെ കുത്തേറ്റത്. അക്കാമ്മയും ഏലിയാമ്മയും ഇടപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണി ചെയ്യവെ ആദ്യം ഒന്ന് രണ്ട് കുളവികൾ ഇവർക്ക് നേരെ വന്നു. ഇത് കണ്ട് ഭയന്ന് ഇരുവരും പണിയായുധങ്ങൾ വലിച്ചെറിഞ്ഞു ഓടിയപ്പോൾ ഇവർക്ക് പിന്നാലെ കുളവി കൂട്ടത്തോടെ പാഞ്ഞടുത്തു. അര കിലോമീറ്റർദൂരം ഓടിയ ഇവർ പ്ലാക്കൂട്ടത്തിൽ റിറ്റോയുടെ വീട്ടിലേക്ക് രക്ഷ തേടി കയറിയപ്പോഴാണ് റിറ്റോക്കും കുത്തേറ്റത്. ഇറപുറത്ത് കൊച്ച് വീടിന്റെ പുറത്ത് നിൽക്കവെയാണ് കുത്തേറ്റത്. പരിക്ക് പറ്റിയ അക്കാമ്മ, ഏലിയാമ്മ എന്നിവർ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കഴിഞ്ഞ ഏതാനും ദിവസം മുൻപും ഇടപ്പള്ളി ഭാഗത്ത് കുളവിയുടെ ആക്രമണം ഉണ്ടാവുകയും പരിക്ക് പറ്റിയ മൂന്ന് ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.