കട്ടപ്പന: മാലിന്യ പ്രശ്‌നത്തിൽ കട്ടപ്പന നഗരസഭ 'വടി'യെടുത്തതോടെ ഭവന നിർമാണ ബോർഡ് പിഴയടച്ച് തലയൂരി. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്തെ മാലിന്യം നീക്കം ചെയ്തു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴിയുമായി ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് പിഴയടയ്ക്കാൻ തീരുമാനിച്ചത്. ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനു സൗകര്യം ഏർപ്പെടുത്താനും ഭവന നിർമാണ ബോർഡിനോട് നിർദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്, അജൈവം, ജൈവം എന്നീ വിഭാഗങ്ങളിലായി മാലിന്യം തരംതിരിച്ചു ശേഖരിച്ചാൽ ബോർഡ് അധികൃതരിൽ നിന്ന് യൂസർ ഫീ ഈടാക്കി നഗരസഭ സംസ്‌കരിക്കും.ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്തെ മാലിന്യം നീക്കുന്നത് നഗരസഭ അവസാനിപ്പിക്കുകയും ബോർഡിന്റെ ഉത്തരവാദിത്വത്തിൽ സംസ്‌കരിക്കണമെന്നു അറിയിച്ച് കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനോട് ബോർഡ് മുഖംതിരിച്ചതോടെ ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്ത് മാലിന്യക്കൂമ്പാരം രൂപപ്പെട്ടു. രണ്ടാഴ്ചയോളമായി മാലിന്യം നീക്കാതെ വന്നതോടെ കർശന നടപടി സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകാൻ തയ്യാറെടുത്തതോടെയാണ് ബോർഡ് പിഴയടയ്ക്കാൻ സന്നദ്ധത അറിയിച്ചത്.
മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതായി ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും രാത്രികാല പട്രോളിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ പിഴ, നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ അറിയിച്ചു.