മറയൂർ: മറയൂർ പഞ്ചായത്തിലെ ആദിവാസി കുടിയിൽ അസുഖം ബാധിച്ച ബന്ധുവിനെ കാണാൻ പോയ ആദിവാസി യുവാക്കളെ വനപാലകർ തടഞ്ഞ് വച്ച് ഭീഷണിപെടുത്തിയതായി പരാതി.വട്ടവട പഞ്ചായത്തിലെ കീഴ് വലസപെട്ടികുടി സ്വദേശി ഭദ്രസ്വാമിയേയും ബന്ധുക്കളുമാണ് മേലാധികാരികൾക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്.
അഞ്ചുനാട് ഐ.എച്ച്.ആർ.ഡി കോളേജില് ഒന്നാം വർഷ ബികോം സി.എ വിദ്യാര്ഥിയായ ഭദ്രസ്വാമി വൽസപ്പെട്ടി കുടിയിലെ നാല് ബന്ധുക്കളുമായി കഴിഞ്ഞ ദിവസം ഉച്ചക്ക് മറയൂർ ഇരുട്ടളകുടിയിലെ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാൻ വാഹനം കടത്തിവിടുന്നതിനായുള്ള അനുവാദം വാങ്ങാനാണ് മറയൂർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്. ഈ സമയം വനപാലകർഅകത്തെ മുറിയിലെത്തിച്ച് ചന്ദന മോഷണത്തിനെ ചൊല്ലി തന്നെ ഭീഷണിപെടുത്തുകയും മർദ്ദിക്കാന് ശ്രമിക്കുകയും മണിക്കൂറുകളോളം തടഞ്ഞ് വെച്ചതുമായാണ് ഭദ്രസ്വാമി പരാതിയിൽ പറയുന്നത്. വിദ്യാഭ്യാസ മന്ത്രി, പട്ടിക ജാതി വികസന മന്ത്രി, മനുഷ്യാവകാശ കമ്മീഷർ, ഇടുക്കി എംപി, ജില്ല കളക്ടർ, ദേവികുളം ഡിവൈഎസ് പി എന്നിവർക്കാണ് പരാതി നല്കിയിരിക്കുന്നത്.

കാന്തല്ലൂർ വനമേഖലയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ നാല് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയിരുന്നു. മുറിച്ചുകടത്തിയ ചന്ദനം വട്ടവട പഞ്ചായത്തിലെ ചിലന്തിയാറ് വഴി കൊണ്ടു പോയിട്ടുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വട്ടവട സ്വദേശികളായ ഭദ്രസ്വാമിയോടും ബന്ധുക്കളോടും തിരക്കുക മാത്രമാണ് ഉണ്ടായത് എന്ന് മറയൂർ റെയ്ഞ്ച് ഓഫീസർ അരുൺ മഹരാജ പറയുന്നു.