തൊടുപുഴ: കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ (കെ.ആർ.ഡി.എസ്.എ) നേതൃത്വത്തിൽ നടന്ന സൂചനാ പണിമുടക്കിനെ തുടർന്ന് വിവിധ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിലെത്തിയ ജനങ്ങൾ വലഞ്ഞു. വില്ലേജ് ഓഫീസുകളെയാണ് സമരം സാരമായി ബാധിച്ചത്. ജില്ലയിലെ 67 വില്ലേജ് ഓഫീസുകളിൽ 54 ഓഫീസും അടഞ്ഞുകിടക്കുന്നു. കളക്ട്രേറ്റിൽ ആകെ ഇരുപതിൽ താഴെ പേരാണ് ഹാജരായത്. താലൂക്ക് ഓഫീസ്,​ ഗവ. പ്ലീഡർ ഓഫീസ്,​ എൽ.എ ഓഫീസ് എന്നിവിടങ്ങളിലും ഹാജർ നില തീരെ കുറവായിരുന്നു. സർവേ വിഭാഗം ജീവനക്കാരും പണിമുടക്കിയതിനാൽ ജില്ലയിലെ താലൂക്കുകളിലെ എൽ.ആർ.എം സെക്ഷനുകളും പൂർണമായി അടഞ്ഞു കിടന്നു. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും 81 ശതമാനം ജീവനക്കാരും പണിമുടക്കിയെന്നാണ് അസോസിയേഷൻ അവകാശപ്പെട്ടു. തൊടുപുഴയിലടക്കം വില്ലേജ് ഓഫീസ് പൂട്ടിയ അവസ്ഥയിലായിരുന്നു. സമരത്തെക്കുറിച്ച് അറിയാതെ ഓഫീസുകളിലെത്തിയ സ്ത്രീകളും വൃദ്ധരുമടക്കമുള്ളവർ ഏറെ കഷ്ടപ്പെട്ടു. പണിമുടക്കിന്റെ ഭാഗമായി ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും ധർണ്ണയും നടന്നു. തൊടുപുഴ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം മിനി സിവിൽ സ്റ്റേഷനിൽ നടന്ന ധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർപേഴ്‌സൺ ആർ. ഉഷ ഉദ്ഘാടനം ചെയ്തു.കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, സംസ്ഥാന വനിതാ കമ്മിറ്റി അംഗം വി.എസ്. ജ്യോതി എന്നിവർ സംസാരിച്ചു. പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനത്തിനു ശേഷം നടന്ന ധർണയിൽ താലൂക്ക് പ്രസിഡന്റ് ആർ. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. ബീനാമോൾ ഉൽഘാടനം ചെയ്തു. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനവും ധർണയും ജില്ലാ സെക്രട്ടറി എസ്. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ദേവികുളം താലൂക്കിൽ നടന്ന പ്രതിഷേധ പ്രകടനവും ധർണ്ണയും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഇടുക്കി കളക്‌ട്രേറ്റിൽ നടന്ന പ്രതിഷേധ പ്രകടനവും ധർണയും ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സാജൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിലും ധർണ്ണയിലും ഹോർമിസ് കുരുവിള, സി.കെ. സജിമോൻ, ടൈറ്റസ് കെ. ജോസഫ്, ജി. സുനീഷ്, എൻ. അനീഷ്‌കുമാർ, പി.എച്ച്. നിസാർ, ഷിഹാബുദ്ദീൻ, റോണി, ഷെറീഫ് റഹ്മാൻ, രാജിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.