തൊടുപുഴ:അദാലത്ത് മിനി സിവിൽ സ്റ്റേഷനിലെ ഇടുങ്ങിയ ഹാളിലാണ് ചേർന്നത്. പൊതുജനത്തിനും ഉദ്യോഗസ്ഥർക്കും ഹാളിൽ ഇരിക്കാൻ സ്ഥല സൗകര്യം ഇല്ലാത്തതിനാൽ പലരും ഹാളിന് വെളിയിൽ മണിക്കൂറോളം നേരം നിൽക്കേണ്ടതായി വന്നു. ഹാളിൽ സജ്ജമാക്കിയ കസേരകളിൽ ഭൂരിഭാഗവും വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ നേരത്തെ കയ്യടക്കിയതിനാൽ പൊതു ജനം നന്നേ വിഷമിച്ചു. മിക്ക ഉദ്യോഗസ്ഥരും സ്ഥലം വിട്ടു - വിവിധ വകുപ്പുകളിൽ നിന്നുള്ള ജില്ലാ -താലൂക്ക്, തദ്ദേശസ്ഥാപന മേധാവികൾ എന്നിവരാണ് പ്രധാനമായും അദാലത്തിൽ പങ്കെടുത്തത്. നേരത്തെ അപേക്ഷ നൽകിയവരുടെ പരാതികൾ പരിഹരിച്ച് കഴിഞ്ഞപ്പോൾ തങ്ങളുടെ കടമ കഴിഞ്ഞു എന്നഭാവത്തിൽ ഉദ്യോഗസ്ഥരിൽ മിക്കവരും സ്ഥലം വിട്ടു. എന്നാൽ അദാലത്ത് ഹാളിൽ വെച്ച് പുതിയ പരാതികൾ കളക്ടർ നേരിട്ട് സ്വീകരിച്ചതിന്റെ തീർപ്പ് കൽപ്പിക്കാൻ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും പലരും ഹാജരായില്ല. ആത്മാർത്ഥതയോടെ ചിലർ - പരാതി നൽകിയ പൊതുജനങ്ങളിൽ ചിലർ അദാലത്തിന് എത്തിയില്ല. എന്നാൽ ഇവരോട് അദാലത്തിൽ എത്താൻ ചില ഉദ്യോഗസ്ഥർ ഫോൺ വിളിച്ച് അറിയിക്കുന്നത് വേറിട്ട കാഴ്ച്ചയായിരുന്നു. പുറമെ നിന്നവർക്ക് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല - പരാതിക്കാരെയും അതുമായി ബന്ധസപ്പെട്ട ഉദ്യോഗസ്ഥസരേയും മൈക്കിലൂടെയാണ് കളക്ടർ ഇരിക്കുന്ന ഡെസ്ക്കിലേക്ക് വിളിച്ച് വരുത്തിയത്. എന്നാൽ ഹാളിൽ സ്ഥലം തികയാത്തതിനാൽ വെളിയിൽ നിന്നവർക്ക് മൈക്കിലൂടെ പറയുന്നത് കേൾക്കാൻ സാധിച്ചില്ല. പലരും തങ്ങളെ വിളിക്കാത്തത് എന്താണെന്ന് അന്വേഷിച്ചപ്പോൾ പലർക്കും വീണ്ടും അവസരം നൽകുകയാണ് ചെയ്തത്.

അദാലത്ത് കഴിഞ്ഞു കളക്ടർ മിനി സിവിൽ സ്റ്റേഷന്റെ മുറ്റത്ത് കിടന്ന കാറിൽ കയറിപ്പോകാൻ തുടങ്ങിയപ്പോഴും ചിലർ അപേക്ഷയുമായി കളക്ടറെ സമീപിച്ചു. അതിനും പരിഹാരം കണ്ടതിന് ശേഷമാണ് കളക്ടർ പോയത്.

ദുർഗ്ഗന്ധത്തിന് നടുവിൽ

അദാലത്ത് നടന്നത് മിനിസിവിൽ സ്റ്റേഷന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ഹാളിലായിരുന്നു.അദാലത്ത് നടന്ന ഹാളിന് സമീപത്ത് അതിരൂക്ഷമായ ശൗചാലയ ദുർഗ്ഗന്ധമാണ് അനുഭവപ്പെട്ടത്.അദാലത്തിൽ പങ്കെടുക്കാൻ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആളുകളും വിവിധ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും മൂക്ക് പൊത്തിയാണ് അദാലത്ത് കഴിയുന്നത് വരെ അവിടെ കഴിച്ച് കൂട്ടിയത്. ഇത് സംബന്ധിച്ച് ആളുകൾ പരസ്പരം പറഞ്ഞെങ്കിലും പരിഹരിക്കാൻ ആരും തയ്യാറായതുമില്ല.