തൊടുപുഴ: വ്യാപാമേഖല കടുത്ത മാന്ദ്യം നേരിട്ട് പല മേഖലകളിലും കടകമ്പോളങ്ങൾ ഓരോന്ന് അടച്ചുപൂട്ടി വ്യാപാരികൾ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴും സർക്കാർ ഖജനാവിലേക്ക് സാമ്പത്തിക ലാഭത്തിനായി ഇനിയും തൊടുപുഴയിലെ വ്യാപാരികളെ ദ്രോഹിച്ചാൽ കണ്ടുനിൽക്കുകയില്ലെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസ്സോസിയേഷൻ .
വിവിധ വകുപ്പുകൾ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരികളെ ദ്രോഹിക്കുകയും പലയിനത്തിൽ പിഴ അടപ്പിയ്ക്കുകയും ചെയ്യുന്ന നടപടികളിൽനിന്നും പിന്തിരിയണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസ്സോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാരികളുടേതല്ലാത്ത കാരണത്താൽ ജി.എസ്.റ്റി. റിട്ടേൺ സമർപ്പിക്കുന്നത് വൈകുന്നതിന് പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കണം. യഥാർത്ഥ ബില്ലുകൾ നൽകുന്ന വ്യാപാരികളെപോലും ടെസ്റ്റ് പർച്ചേഴ്‌സ് എന്ന പേരിൽ ബില്ലുകൾ വാങ്ങാതെ പെനാലിറ്റി അടപ്പിക്കുന്നത് നീതിരഹിതമാണ്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ ഹെൽത്ത് ഡിപ്പാർട്ടുമെന്റും പൊല്യൂഷൻ കൺട്രോൾ ബോർഡും സംയുക്തമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം.
ജി.എസ്.റ്റി., തൊഴിൽ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഡിപ്പാർട്ടുമെന്റ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, വിവിധ വകുപ്പുകളുടെ സ്‌ക്വാഡുകൾ എന്നിവർ ചേർന്ന് അനുദിനം വ്യാപാരം ദുഷ്‌ക്കരമാക്കുന്ന നടപടികളിൽ നിന്നും ഉദ്യോഗസ്ഥർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസ്സർ സൈര, യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി., ജനറൽ സെക്രട്ടറി രമേഷ് പി.കെ. എന്നിവർ പറഞ്ഞു.