തൊടുപുഴ : ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷനായതിനുശേഷം ആദ്യമായി ഇന്ന്ജില്ലയിൽ എത്തിച്ചേരുന്ന കെ. സുരേന്ദ്രന് സമുചിതമായ സ്വീകരണം നൽകുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. എസ്. അജി അറിയിച്ചു. ഉച്ചകഴിഞ്ഞ് തൊടുപുഴയിൽ എത്തിച്ചേരുന്ന കെ. സുരേന്ദ്രൻ ആദ്യം സംഘപരിവാർ സംഘടനകളുടെ കേരളത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ പി. നാരായനെ അദ്ദേഹത്തിന്റെ പെരുമ്പിള്ളിച്ചിറയിലെ വസതിയിൽ സന്ദർശിക്കും.
4.30ന് തൊടുപുഴയിലെ പ്രവർത്തകർ പ്രസിഡന്റിന് സ്വീകരണം ഒരുക്കും. തൊടുപുഴ അമ്പലം ബൈപാസ്സിൽ നിന്നും സ്വീകരിച്ച് പ്രകടനമായി ബി.ജെ.പി. ജില്ലാ കമ്മറ്റി ഓഫീസിലേക്ക് ആനയിക്കും. ജില്ലാ കമ്മറ്റി ഓഫീസിൽ സ്വീകരണയോഗത്തിൽ കെ. സുരേന്ദ്രൻ സംസാരിക്കും
കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം ഏർപ്പെടുത്തിയിട്ടുള്ള ശിവ കീർത്തി പുരസ്‌കാരം സ്വീകരിക്കുന്നതിനായി 6.30 കാഞ്ഞിരമറ്റത്ത് എത്തുന്ന സുരേന്ദ്രനെ മുതലിയാർ മഠം ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും.
7ന് മണിക്ക് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങളിൽ പങ്കെടുത്തതിനുശേഷം എട്ടു മണിയോടെ തിരുവനന്തപുരത്തിന് മടങ്ങും.