പീരുമേട് : രാജാക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും കൂടുതൽ തസ്തിക സൃഷ്ടിച്ചു താലൂക്ക് ആശുപത്രിയായി ഉയർത്തണമയന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
നിലവിലെ സാമൂഹിക കേന്ദ്രത്തിൽ കിടത്തി ചികിത്സക്കുള്ള ബെഡ്ഡും മറ്റും ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരോ, മറ്റു സ്റ്റാഫുളോ, നേഴ്സ്മാരോ ഇല്ലെന്നും, സാധാരണക്കാർക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ല എന്നും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം എന്നും ചൂണ്ടികാണിച്ചു മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാട സാമി നൽകിയ പരാതിയിലാണ് നടപടി.
ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടരോടു കമ്മീഷൻ റിപ്പോർട്ട് തേടിയതിൽകൂടുതൽ തസ്തികകൾ സൃഷ്ടിച്ചു താലൂക്ക് ആശുപത്രിയായി ഉയർത്തേണ്ടതുണ്ടെന്ന് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. സമർപ്പിച്ച രേഖകൾ പ്രകാരം മേഖലയിൽ നിന്നും 36 കിലോമീറ്റർ ദൂരത്താണ് മറ്റു ആശുപത്രികൾ ഉള്ളത്. നിലവിലെ ഡോക്ടർമാർ മറ്റു ജോലികൾക്കു പുറത്തു പോകുമ്പോൾ രോഗികളുടെ ചികിത്സ നിഷേധിക്കുന്നിലെന്നു ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ ഉറപ്പു വരുത്തണം .ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരം ഉയർത്താൻ ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണം എന്നും നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിനും കമ്മീഷൻ നിർദ്ദേശം നൽകി.