തൊടുപുഴ: ജില്ലാ കളക്ടർ നേരിട്ടെത്തി പരാതികൾക്ക് തീർപ്പ് കൽപ്പിക്കുന്ന സഫലം 2020 പദ്ധതിക്ക് ആവേശകരമായ തുടക്കം. തൊടുപുഴ താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന അദാലത്തിൽ വിവിധ വിഭാഗങ്ങളിലായി 90 പരാതികൾക്കാണ് പരിഹാരമായത്. അദാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഓൺലൈനായി 96 പരാതികളാണ് ലഭിച്ചത്. ഇതിൽ ആറെണ്ണത്തിന് ഒഴികെ ബാക്കിയുള്ളവഅദാലത്തിൽ തീർപ്പാക്കി. പരാതിക്കാരെയും എതിർകക്ഷികളെയും ഒരുമിച്ചിരുത്തി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് കളക്ടറുടെ നേതൃത്വത്തിൽ പരാതികൾ പരിശോധിച്ചത്. വിവിധ ഭവന പദ്ധതികൾ പ്രകാരം അപേക്ഷിച്ചിട്ടും വീട് ലഭിക്കാത്തവ, വസ്തു അതിർത്തി തർക്കം, സർവ്വേ നമ്പർ തിരുത്തൽ, ബാങ്ക് ലോൺ തിരിച്ചടവും ഇളവ് നൽകുന്നതും സംബന്ധിച്ച്, റോഡ് പുറമ്പോക്കിലെയും പുഴയോരത്തേയും ഭൂമി കയ്യേറ്റം, ഭൂമി പോക്ക് വരവ് ചെയ്ത് നൽകാത്തത്, റീസർവ്വേ നടപടികൾ വൈകുന്നത് സംബന്ധിച്ച് തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതി ലഭിച്ചത്.
57 പരാതികൾ ലഭിച്ച റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റവും കൂടുതൽ പരാതികൾ. സിവിൽ സപ്ലൈസ് 1, ഡയറി ഡവലപ്‌മെന്റ് 1, വിദ്യാഭ്യാസ വകുപ്പ് 2, തദ്ദേശ സ്വയം ഭരണം 4, മുനിസിപ്പാലിറ്റി 4, പഞ്ചായത്ത് 19, പോലീസ് 3, പൊതുമരാമത്ത് വകുപ്പ് 1, റൂറൽ ഡവലപ്‌മെന്റ് 1, പട്ടികജാതി വികസന വകുപ്പ് 1, സാമൂഹ്യനീതി വകുപ്പ് 2 എന്നിങ്ങനെ 96 പരാതികളാണ് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതു കൂടാതെ അദാലത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ കൗണ്ടറിൽ പുതുതായി 64 പരാതികൾ ലഭിച്ചു.ചികിത്സാ സഹായം, പ്രളയ ദുരിതാശ്വാസം ലൈഫ് പദ്ധതി തുടങ്ങിയവ സംബന്ധിച്ച പരാതികൾ ഒഴികെയുള്ളവ മാത്രമാണ് ഓൺലൈനിൽ സ്വീകരിച്ചത്.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, ഡെപ്യൂട്ടി കളക്ടറും താലൂക്ക് നോഡൽ ഓഫീസറുമായ എസ് ഹരികുമാർ, ഡെപ്യൂട്ടി കളക്ടർമാരായ സാബു.കെ.ഐസക്, തൊടുപുഴ തഹസീൽദാർ കെ.എം. ജോസൂകുട്ടി അലക്സ് ജോസഫ് എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
പരിഹരിക്കാൻ കഴിയാത്ത ഭൂപ്രശ്നം ഇടുക്കിയിലില്ല : കളക്ടർ
ആർജ്ജവവും ഒരുമയുമുണ്ടെങ്കിൽ പരിഹരിക്കാൻ കഴിയാത്ത ഭൂ പ്രശ്നങ്ങളൊന്നും ജില്ലയിലില്ലെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ . ഒരു വർഷമായി ജില്ലാ കളക്ടറായുള്ള പ്രവർത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.