മുട്ടം: ശങ്കരപ്പിള്ളിയിലെ സ്വകാര്യ വില്ലയിലെ ശൗചാലയ മാലിന്യം റോഡിലേക്കും മലങ്കര ജലാശയത്തിലേക്കും ഒഴുക്കിയ സംഭവത്തിൽ 25000 രൂപ പിഴയടക്കാൻ ശങ്കരപ്പിള്ളി വെളുത്തേടത്തുകാട്ടിൽ നോബിൾ ജോസഫിന് കുടയത്തൂർ പഞ്ചായത്ത്‌ സെക്രട്ടറി നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം വൈകിട്ടാണ് വില്ലയിലെ ശൗചാലയ മാലിന്യം റോഡിലേക്ക് ഒഴുക്കിയത്. ഇവിടെ ഒഴുക്കിയ മാലിന്യം മലങ്കര ജലാശയത്തിലേക്കാണ് ഒഴുകിയെത്തിയത്. ഇതിന് സമീപത്തു നിന്നാണ് ഏഴാംമൈൽ വാഴയ്ക്കപ്പാറ വാട്ടർ ടാങ്കിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത്. മാലിന്യം ജലാശയത്തിൽ കലർന്നതോടെ പമ്പിങ് നിർത്തിവെച്ചു. ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെള്ളം പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ശൗചാലയ മാലിന്യം ജലാശയത്തിലേക്ക് ഒഴുക്കിയതിനെതിരെ മുട്ടം പൊലീസും കേസെടുത്തിട്ടുണ്ട്.