കട്ടപ്പന: കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിനുസമീപം തണ്ടപ്പേർ റദ്ദാക്കിയ ഭൂമി അടുത്തയാഴ്ച ഏറ്റെടുക്കുമെന്ന് കളക്ടർ എച്ച്. ദിനേശൻ. എന്നാൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് ആശുപത്രിയായതിനാൽ ഉടൻ സ്റ്റോപ്പ് മെമ്മോ നൽകില്ല. അതേസമയം കെട്ടിടം വാടകയ്ക്ക് എടുക്കാൻ അപേക്ഷ നൽകിയാൽ സർക്കാരിനോടു നിർദേശിക്കുമെന്നും കളക്ടർ അറിയിച്ചു. കട്ടപ്പന സ്വദേശി ലൂക്ക ജോസഫ് വ്യാജമായി സമ്പാദിച്ച തണ്ടപ്പേർ ബുധനാഴ്ചയാണ് കളക്ടർ റദ്ദാക്കിയത്. തട്ടിപ്പിനു ഒത്താശ ചെയ്ത നെടുങ്കണ്ടം ഡെപ്യൂട്ടി തഹസിൽദാറും മുൻ കട്ടപ്പന വില്ലേജ് ഓഫീസറുമായ ആന്റണി ജോസഫിനെ കഴിഞ്ഞ 13ന് കളക്ടർ സസ്‌പെൻഡ് ചെയ്തിരുന്നു. വാഴവര ഗണപതിപ്ലാക്കൽ സിബിക്കുട്ടി സെബാസ്റ്റ്യന്റെ ഭൂമിയുടെ തണ്ടപ്പേരാണ് ലൂക്ക ജോസഫിന്റെ വസ്തുവിനായി മാറ്റി കരമടച്ച് നൽകിയത്.