കട്ടപ്പന: ഐ.ടി.ഐ. ജംഗ്ഷനുസമീപം പ്രവർത്തിക്കുന്ന ഗാലക്സി ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെയാണ് അഗ്നിബാധയുണ്ടായത്. കട്ടപ്പന അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ പരിശ്രമിച്ചാണ് തീകെടുത്തിയത്. വർക്ക്‌ഷോപ്പിനു സമീപത്തുള്ള കുടുംബമാണ് തീപടരുന്നത് ആദ്യം കണ്ടത്. വിവരമറിച്ചതിനെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങളും വർക്ക്‌ഷോപ്പ് ജീവനക്കാരും സ്ഥലത്തെത്തി. ഇതിനിടെ വർക്ക്‌ഷോപ്പിനുള്ളിലെ ഓയിൽ ബാരലുകൾക്ക് തീപിടിച്ച് ആളിക്കത്തുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
12 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആറ് ന്യൂമാറ്റിക് ഗണ്ണുകൾ, കംപ്രസറുകൾ, 210 ലിറ്റർ ഗിയർ ഓയിൽ, ഓയിൽ, ടൂൾ കിറ്റുകൾ തുടങ്ങിയവയും അഗ്നിക്കിരിയായി. കൂടാതെ വർക്ക്‌ഷോപ്പിനുള്ളിലെ മിനി ലോറിക്കും കേടുപാട് സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു. സർക്കാർ വാഹനങ്ങൾ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്തുന്ന വർക്ക്‌ഷോപ്പ്, ഏഴുവർഷം മുമ്പാണ് കമ്പംമെട്ട് സ്വദേശികൾ ചേർന്ന് ആരംഭിച്ചത്.