മുട്ടം: കുളവിയുടെ കുത്തേറ്റ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയമറ്റം കള്ളികാട്ട് ടെന്നീസിന്റെ മകൻ ഷാരോൺ ടെന്നീസിനാണ് കൂട്ടമായെത്തിയ കുളവിയുടെ കുത്തേറ്റത്. ഇന്നലെ വൈകിട്ട് 5.30 ന് മുട്ടം ഇടപ്പള്ളി ഭാഗത്ത് വെച്ചാണ് സംഭവം. ഷാരോൺ സ്‌കൂട്ടറിൽ പഴയമറ്റത്തുള്ള വീട്ടിലേക്ക് വരവേയാണ് കുളവിയുടെ ആക്രമണം ഉണ്ടായത്.തലയിൽ വെച്ച ഹെല്മറ്റിനിടയിലൂടെയും ഷർട്ടിനിടയിലൂടെയും കുളവി വ്യാപകമായി കടന്നപ്പോൾ ഭയന്ന് പോയ ഷാരോൺ സ്‌കൂട്ടർ പുറകിലേക്ക് തിരിച്ച് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും തലയിലും ദേഹത്തും ക കുത്തേറ്റിരുന്നു. ഉടൻ ഷാരോൺ പിതാവായ ഡെന്നീസിനെ മൊബൈൽ ഫോണിൽ അറിയിച്ചു. ടെന്നീസ് ഷാരോൺ നിന്നിരുന്ന സ്ഥലത്തിന്റെ അടുത്ത് താമസക്കാരനായ മ്ലാക്കുഴിയിൽ ജയ്നോട്‌ വിവരം പറഞ്ഞു. ജെയിൻ ഉടൻ കാറുമായി എത്തി ഷാരോനെ ആശുപത്രിയിൽ എത്തിക്കാനായി കൊണ്ട്പോയി. പാതി വഴിയിൽ വെച്ച് ടെന്നീസ് എത്തി ഷാരോനെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഐ സി യു വിൽ പ്രവേശിപ്പിച്ച ഷാരോണ് കുഴപ്പം ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അധികൃതർക്ക് നിസംഗത -

മുട്ടത്ത് ഇടപ്പള്ളി ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായിട്ട് കുളവിയുടെ ആക്രമണം ഉണ്ടായിട്ടും അധികൃതർ നടപടികൾ എടുക്കാതെ നിസംഗത തുടരുകയാണ്.ബുധനാഴ്ച്ച രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പേർക്കും അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മൂന്ന് പേർക്കും ഇടപ്പള്ളി ഭാഗത്ത് വെച്ച് കുളവിയുടെ കുത്തേൽക്കുകയും ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഭാഗത്ത് കുളവി കൂട്ടമായി എത്തുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ ഇതുമായി ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നുമില്ല.