പി.ജെ. ജോസഫ് എം.എൽ.എ ജില്ലാ ആശുപത്രി സന്ദർശിച്ചു
തൊടുപുഴ: ഒരു മാസത്തിലേറെയായിട്ടും ജില്ലാ ആശുപത്രിയിലെ തകരാറിലായ ലിഫ്‌റ്റ് നന്നാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമായതോടെ പി.ജെ. ജോസഫ് എം.എൽ.എ വിഷയത്തിൽ ഇടപ്പെട്ടു. ഇന്നലെ ആശുപത്രി സന്ദർശിച്ച എം.എൽ.എ എത്രയും വേഗം തകരാർ പരിഹരിച്ച് രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ലിഫ്‌റ്റിന്റെ തകരാർ പരിഹരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് സൂപ്രണ്ട് ഡോ. എം.ആർ. ഉമാദേവി പറഞ്ഞു. തകരാറിലായ സ്‌പെയർപാർട്‌സുകൾ മാറ്റി പ്രവർത്തന സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് ലിഫ്‌റ്റിന്റെ തകരാർ പരിഹരിക്കൽ നടത്തുന്നത്. ഒന്നര വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് ലിഫ്‌റ്റ് അറ്റകുറ്റപ്പണിയ്ക്കായി പത്തു ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം നിർമാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു. കരാർ നൽകിയെങ്കിലും സ്‌പെയർപാർട്‌സുകൾ ലഭിക്കാത്തതിനാൽ അറ്റകുറ്റപ്പണി നീണ്ടു പോകുകയായിരുന്നു. ലിഫ്‌റ്റ് പ്രവർത്തനരഹിതമായതോടെ രോഗികളെ ചുമന്ന് മുകളിലെത്തിക്കേണ്ട ഗതികേടിലായി ബന്ധുക്കൾ. ഓപ്പറേഷൻ തിയേറ്ററും വാർഡുകളും ഡയാലിസിസ് യൂണിറ്റും ഉൾപ്പെടെ ആശുപത്രിയുടെ പ്രധാന വിഭാഗങ്ങൾ പ്രവർത്തിക്കുന്നത് മുകൾ നിലകളിലായതിനാൽ ഇവിടേക്ക് കസേരയിലും സ്‌ട്രെച്ചറിലും ഇരുത്തിയാണ് രോഗികളെ മുകളിലേക്കെത്തിക്കുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
''തകരാർ പരിഹരിക്കുന്ന ജോലികൾ ഇന്നത്തോടെ പൂർത്തിയാക്കി ലിഫ്‌റ്റ് തുറന്നു നൽകാനാകുമെന്നാണ് പ്രതീക്ഷ. ""
- (ഡോ. എം.ആർ. ഉമാദേവി, ആശുപത്രി സൂപ്രണ്ട്)
''നിലവിലുള്ള ലിഫ്‌റ്റിന്റെ തകരാർ പരിഹരിക്കുന്നതിനു പകരം ആശുപത്രിയിൽ പുതിയ ലിഫ്‌റ്റ് സ്ഥാപിക്കുകയാണ് വേണ്ടത്. ലിഫ്‌റ്റ് അറ്റകുറ്റപ്പണി നടത്തിയാൽ എത്രകാലം നില നിൽക്കുമെന്ന് ഉറപ്പില്ല. അതിനാൽ മികച്ച കമ്പനിയുടെ ലിഫ്‌റ്റ് സ്ഥാപിക്കുകയാണ് വേണ്ടത്. വരുന്ന 25ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടും. നിർമാണം പൂർത്തിയായ പുതിയ ബ്ലോക്ക് ഫയർ സേഫ്‌റ്റി സംവിധാനവും സ്വീപ്പേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും പൂർത്തിയായാൽ തുറക്കാനാവും.""
-പി.ജെ. ജോസഫ് എം.എൽ.എ