kila

കട്ടപ്പന: പ്രളയങ്ങളിൽ ഉരുൾപൊട്ടി നാശമുണ്ടായ നഗരസഭയിലെ പ്രദേശങ്ങൾ കില സംഘം സന്ദർശിച്ചു. ഇനിയൊരു പ്രകൃതി ദുരന്തമുണ്ടായാൽ ഏന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നതിനെക്കുറിച്ച് സംഘം പഠനറിപ്പോർട്ട് തയാറാക്കും. കഴിഞ്ഞ പ്രളയത്തിൽ നഗരസഭയിലെ നാലു മേഖലകളിലാണ് ഉരുൾപൊട്ടലുണ്ടായത്. കുന്തളംപാറ, തവളപ്പാറ, കല്ലുകുന്ന്, നിർമലാസിറ്റി മേഖലകളിൽ ഉരുൾപൊട്ടി നാലു വീടുകളും ഏക്കറുകണക്കിനു കൃഷിയിടങ്ങളും ഒലിച്ചുപോയിരുന്നു. ദുരന്തമുണ്ടായ സ്ഥലങ്ങളിലെ നാശനഷ്ടങ്ങളുടെ കണക്കുകളും കില ജില്ലാ കോ-ഓർഡിനേറ്റർ അൽഫോൻസ ജോണി ഉൾപ്പെടുന്ന സംഘം ശേഖരിച്ചു. പ്രകൃതി ദുരന്തങ്ങൾക്കുശേഷം നിരവധി സംഘങ്ങൾ പഠനം നടത്തി മടങ്ങുന്നതല്ലാതെ പുനരധിവാസത്തിനുള്ള നടപടി ഉണ്ടാകുന്നില്ലെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി സംഘത്തെ അറിയിച്ചു. റിപ്പോർട്ട് ഡി.പി.ഒ. അംഗികാരത്തിനായി സമർപ്പിക്കുമെന്ന് അൽഫോൻസ ജോണി അറിയിച്ചു.