കോടിക്കുളം: നെടുമറ്റം ഗവ. യു.പി സ്‌കൂളിലെ ശാസ്ത്രലാബ് കെട്ടിടത്തിന്റെയും മെസ്-കം-അസംബ്ലി ഹാളിന്റെയും ഉദ്ഘാടനം 24ന് വൈകിട്ട് അഞ്ചിന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളിലെ ശാസ്ത്രലാബ്, ഗണിതലാബ് എന്നിവയ്ക്കുവേണ്ടി നെടുമറ്റം യു.പി.സ്‌കൂൾ തനതായി തയ്യാറാക്കിയ ''കൈത്തിരി'', ''വെളിച്ചം'' എന്നീ പ്രവർത്തന കൈപുസ്തകങ്ങളുടെ പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ കെ. ജീവൻ ബാബു നിർവഹിക്കും. മികവിന്റെ കേന്ദ്രം പദ്ധതിയിലൂടെ ലഭിച്ച 70 ലക്ഷം രൂപ ഉപയോഗിച്ച് ശാസ്ത്രലാബ് കെട്ടിടവും 25 ലക്ഷം രൂപ ഉപയോഗിച്ച് മെസ് കം അസംബ്ലി ഹാളും നിർമ്മിക്കുകയായിരുന്നു. സ്‌കൂളിന്റെ 108-ാമത് വാർഷികാഘോഷവും രക്ഷാകർത്തൃസംഗമവും സ്‌കൂൾ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനവും പ്രതിഭകളെ ആദരിക്കലും, വിരമിക്കുന്ന അദ്ധ്യാപകൻ കെ.പി. ചന്ദ്രന്റെ യാത്രയയപ്പും നടക്കും. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി, വൈസ് പ്രസിഡന്റ് ജോസ് മാഞ്ചേരിൽ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാജു മാത്യു, ബിന്ദു പ്രസന്നൻ എന്നിവർ പങ്കെടുക്കും. ദേശീയ നീന്തൽ താരവും പൂർവ്വ വിദ്യാർത്ഥിയുമായ ബേബി വർഗീസിനെ ആദരിക്കും. രണ്ടിന് പി.ടി.എ പ്രസിഡന്റ് ടി.കെ. മനീഷിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അദ്ധ്യാപക രക്ഷാകർതൃ സംഗമം കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സബ്ജില്ലാ ജില്ലാതലങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടക്കും. വൈകിട്ട് ഏഴിന് കലാസന്ധ്യ. വാർത്താ സമ്മേളനത്തിൽ കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി, സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.ബി. മോളി, പി.ടി.എ പ്രസിഡന്റ് ടി.കെ.മനീഷ്, സ്റ്റാഫ് സെക്രട്ടറി അൽസ ജോൺ എന്നിവർ പങ്കെടുത്തു.