waste
ഇടുക്കി വനത്തിനുള്ളിൽ മാലിന്യം തള്ളിയ നിലയിൽ

മൂലമറ്റം: ഇടുക്കി വനത്തിൽ പന്നിഫാമിലെ മാലിന്യം തള്ളിയ ആളെ വനംവകുപ്പ് പിടികൂടി 25,​000 രൂപ പിഴയീടാക്കി. ഇടുക്കി മുളക്‌വള്ളി ചക്കുളത്ത് പയസിൽനിന്നാണ് പിഴയീടാക്കിയത് . തള്ളിയ മാലിന്യം ഇയാളെ കൊണ്ട് ഇവിടെ നിന്ന് നീക്കം ചെയ്യിച്ചു. വനത്തിൽ മാലിന്യം നിക്ഷേപിക്കരുതെന്നു സ്ഥാപിച്ച ബോർഡിന് താഴെയാണ് ഇവർ മാലിന്യം തള്ളിയത്. മാസങ്ങളായി പന്നി ഫാമിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെ തള്ളുന്നത് പതിവായിരുന്നു. പരിശോധനയിൽ മാലിന്യത്തിൽ നിന്ന് കോട്ടയത്തെ ഒരു പ്രമുഖ ഹോട്ടലിലെ ടിഷ്യൂ പേപ്പർ ലഭിച്ചു. തുടർന്ന് ഹോട്ടൽ ഉടമയോട് അന്വേഷിച്ചപ്പോഴാണ് ഇത് പന്നിഫാമുകൾക്ക് നൽകിയതാണെന്ന് അറിഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇത് മുളകുവള്ളിയിലെ പന്നിഫാമിൽ നൽകിയതാണെന്നു കണ്ടെത്തി. വനത്തിൽ മാലിന്യം തള്ളുന്നത് വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതിനാൽ മാലിന്യം നിക്ഷേപിക്കരുത് എന്നു ബോർഡ് സ്ഥാപിച്ചിരുന്നു. ബോർഡ് ഉണ്ടെങ്കിലും വനത്തിനുള്ളിൽ മാലിന്യ നിക്ഷേപിക്കൽപതിവാണ്. തൊടുപുഴ റേഞ്ച് ഓഫിസർ ജോബ് ജെ. നേര്യംപറമ്പിൽ, കുളമാവ് ഫോറസ്റ്റർ പ്രദീപ് കുമാർ, ബീറ്റ് ഓഫീസർമാരായ സന്തോഷ്, അജികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.