nannangadi
ചെമ്പകപ്പാറ സ്വദേശി ഷാജന്റെ പുരയിടത്തിൽ പുതുതായി കണ്ടെത്തിയ നന്നങ്ങാടി.

കട്ടപ്പന: ചരിത്രശേഷിപ്പുകളുടെ ഭൂമിയായി കൊച്ചുകാമാക്ഷി ചെമ്പകപ്പാറ കൊച്ചുകുന്നേൽ ഷാജന്റെ പുരയിടം. കഴിഞ്ഞദിവസം ഇവിടെ വീണ്ടും നന്നങ്ങാടി കണ്ടെത്തി. ആട് ഫാം നിർമിക്കാനായി മണ്ണെടുത്ത സ്ഥലത്താണ് രണ്ടാം തവണയും ശിലായുഗ കാലത്തെ നന്നങ്ങാടികൾ കണ്ടെത്തിയത്. വ്യാഴാഴ്ച ഷാജൻ പുരയിടത്തിലൂടെ നടക്കുന്നതിനിടെയാണ് വലുപ്പത്തിലുള്ള കല്ല് ശ്രദ്ധയിൽപെട്ടു. എടുത്തുവച്ച നിലയിലുള്ള കല്ലിന്റെ വശങ്ങളിലെ മണ്ണ് മാറ്റിയപ്പോൾ നന്നങ്ങാടികളുടെ പുറംഭാഗം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ മണ്ണുമാറ്റാതെ നെടുങ്കണ്ടത്തെ പുരാവസ്തു ചരിത്ര സംരക്ഷണ സമിതിയെ അറിയിച്ചു. പുരാവസ്തു ഗവേഷണ വകുപ്പിന്റെ നേതൃത്വത്തിൽ കല്ല് മാറ്റി പരിശോധന നടത്തിയാൽ കൂടുതൽ നന്നങ്ങാടികൾ കണ്ടെത്തിയേക്കാം. കഴിഞ്ഞ എട്ടിന് ഫാമം നിർമാണത്തിനായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണെടുക്കുന്നതിനിടെയാണ് നാലടി വലുപ്പമുള്ള രണ്ട് നന്നങ്ങാടികൾ കണ്ടെത്തിയത്. ഉടയാതെ പുറത്തെടുത്ത നന്നങ്ങാടികളിൽ ഒന്നിൽ അസ്ഥി കഷണങ്ങളും കണ്ടെത്തിയിരുന്നു. ഇതു പരിശോധനയ്ക്കായി പുരാവസ്തു ഗവേഷണ വകുപ്പ് അയച്ചിരിക്കുകയാണ്.