മുട്ടം: ഇറക്കത്തിൽ കാറ് നിയന്ത്രണം തെറ്റി പിന്നിലേക്ക് ഉരുണ്ട് വരുന്നത് കണ്ട് ഓടി മാറിയ യുവതിയുടെ കാലിന് പരിക്ക് പറ്റി. ഇന്നലെ വൈകിട്ട് 5 ന് മുട്ടം ടൗണിലാണ് സംഭവം. കണ്ണൂരുള്ള കുടുംബം വന്ന കാറ് മുട്ടം ടൗണിൽ വെച്ച് തിരിക്കവേ കയറ്റത്തിൽ വെച്ച് നിന്ന് പോയി.വാഹനം ഓടിക്കാൻ പരിചയക്കുറവുള്ള ഡ്രൈവർ ഒരു വിധത്തിൽ കാറ് സ്റ്റാർട്ട് ചെയ്തപ്പോൾ വീണ്ടും നിന്നു. പലവട്ടം ഇതാവർത്തിച്ചു. പിന്നെയും സ്റ്റാർട്ട് ചെയ്തപ്പോൾ ഇറക്കത്തിൽ പുറകിലേക്ക് ഉരുണ്ട് വന്ന കാറ് നിയന്ത്രണം തെറ്റി റോഡരികിലുള്ള ബേക്കറിയുടെ ഇരുമ്പ് പൈപ്പിലും തിട്ടയിലുമായി ഇടിച്ചു നിന്നു.ഈ സമയം അറക്കുളം താഴത്തുമനക്കൽ മീനാക്ഷികുടുംബാംഗങ്ങൾക്കൊപ്പം മൂലമറ്റം ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകവേ നിയന്ത്രണം തെറ്റിയ കാറ് പുറകിലേക്ക് ഉരുണ്ട് വരുന്നത് കണ്ട് ഭയന്ന് ഓടി . ഇതിനിടെ കാല് തട്ടി മീനാക്ഷി വീണു. കാറിലുണ്ടായിരുന്നവരും മുട്ടം പൊലീസും നാട്ടുകാരും ചേർന്ന് മീനാക്ഷിയെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മീനാക്ഷിയുടെ കാലിന്റെ മുട്ടിന് സാരമായ പരിക്ക് പറ്റി. കാർ ഇടിച്ചതിനെ തുടർന്ന് ബേക്കറിയുടെ ഇരുമ്പ് തൂണ് വളഞ്ഞു.