kolani

ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ് അംബേദ്കർ കോളനിയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം ശക്തമായി.മൂന്നുവശവും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് പാലപ്ലാവ് കോളനി. 91 ആദിവാസി കുടുംബങ്ങളും 75 മറ്റ് വിഭാഗക്കാരുമാണിവിടെ താമസിക്കുന്നത്. വന വിഭവങ്ങൾ ശേഖരിച്ചും തൊഴിലുറപ്പ് ജോലികൾ ചെയ്തും ഈറ്റയും മുളയുമുപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിച്ചുമാണ് ഇവർ ഉപജീവനം നടത്തുന്നത്. കുടുംബങ്ങളിൽ പലർക്കും സ്ഥലം വളരെകുറവാണ്. അതിനാൽ കൃഷി ഉപജീവന വരുമാനമാക്കാൻ കഴിയില്ല. പല സ്ഥലത്തും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. നല്ല റോഡുകളുമില്ല.
പഞ്ചായത്ത് മെമ്പർ സന്തോഷ് കുമാർ ഇടപെട്ട് ഹൈറേഞ്ച് ഡവലപ്പ്‌മെന്റ സൊസൈറ്റിയിൽ നിന്ന് 60 കുടുംബങ്ങൾക്ക് തേനീച്ചപ്പെട്ടി, എല്ലാ കുടുംബങ്ങൾക്കും അനർട്ടിന്റെ സബ്‌സീഡിയോടുകുടി സോളാർ ലാമ്പ്, എല്ലാവർക്കും സൗജന്യ ഗ്യാസ് കണക്ഷൻ, അർഹതപ്പെട്ടവർക്കെല്ലാം ക്ഷേമപെൻഷൻ എന്നിവ നൽകിയിട്ടുണ്ട്. ഉണർവ്വ് പട്ടികവർഗ ബാബു ക്രാഫ്ട് യൂണിറ്റിലൂടെയുള്ള കരകൗശല വസ്തുക്കളുടെ നിർമാണം ആദിവാസി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ടൂറിസം വികസനമാക്കിയുള്ള പ്രവർത്തനം ഈറ്റ, മുള, ഔഷധസസ്യകൃഷി തുടങ്ങിയവനടപ്പിലാക്കിയിട്ടുള്ളത് ആശ്വാസകരമാണെങ്കിലും റോഡ്, കുടിവെള്ളം, ചികിത്സ, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ ആവശ്യമായ വികസനമെത്താത്തത് കോളനി നിവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എല്ലാ ആഴ്ചയിലും ഹെൽപ്പേജ് ഇന്ത്യ പദ്ധതിയിലുടെ ഡോക്ടർമാരെത്തി മെഡിക്കൽ ക്യാമ്പ് നടത്തുന്നുണ്ട്. കുടുംബങ്ങൾക്ക് സ്ഥലം കുറവായതിനാൽ പൊതുശ്മശാനം വേണമെന്ന് ആവശ്യമുണ്ടായെങ്കിലും ഇനിയും നടപ്പിലായിട്ടില്ല.പലരുടെയും വീടുകൾ അപകടാവസ്ഥയിലാണ് പുനരുദ്ധരണം നടത്തുന്നതിന് പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ സഹായം വേണമെന്നും പരമ്പരാഗത കലകളായ കൂത്ത്, പാട്ട് തുടങ്ങിയവ പരിപോഷിപ്പിക്കാനും നടപടി വേണമെന്നും ആദിവാസികളാവശ്യപ്പെടുന്നു. കോളനിയിൽ പരിശീലന കേന്ദ്രം കുട്ടികൾക്ക് ട്യൂഷൻ സെന്റർ സാമൂഹിക പഠനകേന്ദ്രം, എന്നിവയ്ക്കായി 25 ലക്ഷം രൂപ ചെലവിൽ കമ്യൂണിറ്റി ഹാൾ നിർമാണമാരംഭിച്ചിരിക്കുന്നത് ആശ്വാസകരമാണ്.

പഠനം നിർത്തുന്നവർഏറെ

വിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ആദിവാസികളുടെ കുട്ടികളെ ഹോസ്റ്റലിൽ നിറുത്തിയാണ് പഠിപ്പിക്കുന്നത്. ഇടയ്ക്ക് പഠനം നിറുത്തി പോരുന്ന കുട്ടികളുമുണ്ട്.

റോഡ്, കുടിവെള്ളം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ആവശ്യമായ വികസനമെത്തിയിട്ടില്ല

പൊതുശ്മശാനം വേണം

പല വീടുകളും അപകടാവസ്ഥയിലാണ്