ഇടവെട്ടി: സ്വന്തമായി കുടിവെള്ളമില്ലാത്ത ഇടവെട്ടിച്ചിറ വാർഡിലെ മുഴുവൻ കുടുംബങ്ങളിലും കിണർ കുഴിച്ച് ശുദ്ധജലം നൽകുന്നതിനുള്ള പരിശ്രമത്തിലാണ് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിനകം ഒമ്പത് കിണറുകൾ വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പൂർത്തീകരിച്ചു കഴിഞ്ഞു. മുഴുവൻ കിണറുകളിലും വെള്ളവും ലഭ്യമാണ്. ഗുണഭോക്താവാകുന്ന വീട്ടുകാരെയും പങ്കാളികളാക്കി കൊണ്ടാണ് പദ്ധതി വിജയത്തിലെത്തിക്കുന്നത്. ഒരോ കിണറും 15 അടി മുതൽ 25 അടി വരെ താഴ്ചയിലാണ് നിർമികുന്നത്. നിർമ്മാണം പൂർത്തിയാക്കുന്ന ഒരു കിണറിന് 29000 രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ഏപ്രിൽ മാസത്തോടെ 100 കിണറുകൾ പൂർത്തീകരിക്കുക എന്നതാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന കുടുംബശ്രി എ.ഡി.എസിന്റെ ലക്ഷ്യം.