തൊടുപുഴ: ബിജെപി നിയുക്ത സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് തൊടുപുഴയിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി. തൊടുപുഴ അമ്പലം ബൈപ്പാസിലെത്തിയ അദ്ദേഹത്തെ പാർട്ടി പ്രവർത്തവർ ഹർഷാരവത്തോടെ വരവേറ്റു.
പിന്നീട് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.യ ശേഷം കെ. സുരേന്ദ്രനെ സ്വീകരിച്ചുകൊണ്ടുള്ള റാലി തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെ നഗരം ചുറ്റി ബിജെപി ഓഫീസിൽ സമാപിച്ചു.
ഇടതിനും വലതിനും എതിരെ ശക്തമായ ബദലായി ബിജെപി മാറണമെന്ന് ഇന്ന് കേരളത്തിലെ സാധാരണ ജനം ആഗ്രഹിക്കുന്നുവെന്ന് മറുപടി പ്രസംഗത്തിൽ കെ. സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണം മാറി മാറി ജനം പരീക്ഷിക്കുന്നതിന് കാരണം ശക്തമായ ബദൽ ഇല്ലാത്തതാണ്. ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റം വന്ന് കഴിഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളിലായി ഇത് ബിജെപി തെളിയിച്ച് കഴിഞ്ഞു. ഇന്നിപ്പോൾ ഒരു കുതിച്ച് ചാട്ടത്തിന് സമയമായെന്നുംഅദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിലും വർഗീയത കുത്തി നിറച്ചുള്ള നീചമായ രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇടതും വലതും മാറി മാറി പരീക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന സമിതിയംഗങ്ങളായ പി.പി. സാനു, പി.എ. വേലുക്കുട്ടൻ, കെ.എൻ. ഗീതാകുമാരി, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം എം.എൻ. ജയചന്ദ്രൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബി. വിജയകുമാർ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സ്വീകരണ പരിപാടിയ്ക്ക് നേതൃത്വം നൽകി.