ചെറുതോണി : ഫെബ്രുവരി 10 മുതൽ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും പഠനോത്സവങ്ങൾ നടന്നുവരികയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു വർഷത്തെ വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ നേടിയെടുത്ത ഭാഷാപരവും ശാസ്ത്ര - ഗണിതശാസ്ത്ര- സാമൂഹ്യ ശാസ്ത്രപരവുമായ ശേഷികൾ പൊതുജനമധ്യത്തിൽ അവതരിപ്പിക്കുകയും അതുവഴി പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയുമാണ് പഠനോത്സവംകൊണ്ട് ഉദ്ദേശിക്കുന്നത്. 2019-20 ലെ പഠനോത്സവങ്ങളുടെ ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ ഇടുക്കിയുടെയും ഉപ്പുതോട് ഗവ. യു.പി സ്കൂളിന്റെയും നേതൃത്വത്തിൽ കരിമ്പൻ ടൗണിൽ വച്ച് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3 ന് റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫീസർമാരും പരിപാടിയിൽ പങ്കെടുക്കും. യോഗത്തിൽ ഉപ്പുതോട് ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലെ പഠന മികവുകൾ അവതരിപ്പിക്കും.