മുട്ടം: മുട്ടം, ഇടപ്പള്ളി ഭാഗത്തുള്ള ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ പെരുന്തേനീച്ചക്കൂട് ജനങ്ങൾ തീയിട്ട് നശിപ്പിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇടപ്പള്ളി ഭാഗത്തുള്ള വനിതകൾ ഉൾപ്പടെയുള്ള എട്ടോളം പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇടപ്പള്ളി ഭാഗത്ത് പറമ്പിൽ ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളെ കഴിഞ്ഞ ബുധനാഴ്ച പെരുന്തേനീച്ച കൂട്ടത്തോടെ ആക്രമിക്കുകയും ഇവർ സമീപത്തെ വീട്ടിൽ അഭയം തേടുകയും ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇത് വഴി സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന പഴയമറ്റം ഭാഗത്ത്‌ താമസിക്കുന്ന വിദ്യാർത്ഥിയെ പെരുന്തേനീച്ച കൂട്ടത്തോടെ ആക്രമിച്ചു. ഗുരുതരമായ പരുക്കുകളോടെ വിദ്യാർത്ഥിയെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പെരുന്തേനീച്ചയുടെ ആക്രമണം തുടർച്ചയായി ഉണ്ടായെങ്കിലും ഇതിന്റെ ഉറവിടം എവിടെയാണെന്ന് പ്രദേശവാസികൾ ദിവസങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടർന്ന് ഇടപ്പള്ളി ഭാഗത്ത് കൂടി യാത്ര ചെയ്യാനും വീടിന് പുറത്തിറങ്ങാനും ജനം ഭയപ്പെട്ടു. ഇത് സംബന്ധിച്ച് ആളുകൾ അഗ്നിശമന സേനാ വിഭാഗത്തിന്റെ സഹായം തേടിയപ്പോൾ ഇത്തരം കാര്യങ്ങൾ വനം വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്ന മറുപടിയാണ് ലഭിച്ചത്. പ്രദേശ വാസികൾ വനംവകുപ്പ് അധികൃതരെ സമീപിച്ചപ്പോൾ അവരും കൈമലർത്തി. തുടർന്ന് ജനം സംഘടിച്ച് നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളി ഭാഗത്ത് വലിയ മരത്തിലെ പെരുന്തേനീച്ചക്കൂട് കണ്ടെത്തുകയും തീയിട്ട് നശിപ്പിക്കുകയുമായിരുന്നു.