stroberry
വിളവെടുപ്പിന് ഒരുങ്ങിയ മൂന്നാറിലെ ഹോർട്ടികോർപ്പ് സ്‌ട്രോബറി തോട്ടം

ഇടുക്കി: കൃഷി വകുപ്പ്, ഹോർട്ടികൾച്ചർ മിഷൻ, ഹോർട്ടികോർപ്പ്, യു.എൻ.ഡി.പി, ഹരിതകേരളം എന്നിവ സംയുക്തമായി മൂന്നാറിൽ നടപ്പാക്കിയ സ്‌ട്രോബറി കൃഷിയുടെ വിളവെടുപ്പ് നാളെ രാവിലെ 10ന് മൂന്നാറിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുമെന്ന് ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌ട്രോബറി പാർക്ക്, വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും മികച്ച സ്‌ട്രോബറി കർഷകരെ ആദരിക്കലും സെമിനാറും ഇതോടനുബന്ധിച്ച് നടക്കും. മൂന്നാർ ഹോർട്ടികോർപ്പ് അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത പച്ചക്കറി വിത്തിനങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഹോർട്ടികോർപ്പിന്റെ മൂന്നാറിലെ സ്‌ട്രോബെറി സംസ്‌കരണ യൂണിറ്റ് അങ്കണത്തിലാണ് സ്‌ട്രോബറി പാർക്ക്. മൂന്നാർ, വട്ടവട, കാന്തല്ലൂർ മേഖലകളിൽ ഉത്പാദിപ്പിക്കുന്ന സ്‌ട്രോബെറി പഴം, സ്‌ട്രോബെറി പ്രിസർവ്, ജാം, സ്‌ക്വാഷ്, ഹണി പ്രിസർവ് തുടങ്ങിയവ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനായി സ്ഥാപിച്ചിരിക്കുന്ന സ്‌ട്രോബെറി സംസ്‌കരണ യൂണിറ്റ് പ്രവർത്തനക്ഷമമായിട്ടുണ്ട്. പാർക്കിൽ ഏകദേശം പതിനായിരത്തിൽപരം സ്‌ട്രോബെറി ചെടികൾ കൃഷിചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് നേരിട്ട് പഴം ശേഖരിക്കുന്നതിനുള്ള പിക്ക് ആന്റ് ബൈ സൗകര്യവുമുണ്ട്. പാർക്കിൽ വിളയിക്കുന്ന പഴങ്ങൾ തേനിൽ സംസ്‌കരിച്ച് സ്‌ട്രോബെറി ഹണിയും സ്‌ട്രോബെറി ഹണി പ്രിസർവായും കമ്പോളത്തിൽ എത്തിക്കും. പഞ്ചസാരയോ മറ്റ് രാസപദാർത്ഥങ്ങളോ ചേരാത്ത സ്‌ട്രോബെറി പഴം വേവിക്കാതെയും പോഷകമൂല്യം നഷ്ടപ്പെടാതെയുമാണ് തേനിൽ സംസ്‌കരിച്ചെടുക്കുന്നത്. ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ബീൻസ്, കാബേജ് തുടങ്ങിയ ശീതകാല പച്ചക്കറികളും മൂന്നാറിന്റെ സവിശേഷ പഴവിഭവങ്ങളായ മരത്തക്കാളി, മുട്ടിപ്പഴം, ആന്തല്ലൂർ ആപ്പിൾ, മധുരമുള്ള പാഷൻഫ്രൂട്ട്, വിവിധതരം പിയറുകൾ, വട്ടവട വെളുത്തുള്ളി, മറയൂർ ശർക്കര എന്നിവയും വിൽപ്പന കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ചക്കത്തേൻ, പാഷൻഫ്രൂട്ട് തേൻ, മരത്തക്കാളിത്തേൻ, മുട്ടിപ്പഴത്തേൻ, വെളുത്തുള്ളിത്തേൻ, ഇഞ്ചിത്തേൻ എന്നിവയും ലഭ്യമാകും. മൂന്നാർ മേഖലയിലെ 100 ഹെക്ടറിൽ സ്‌ട്രോബറി വിളയിക്കുകയാണ് ലക്ഷ്യം. 200 കർഷകർ 70 ഹെക്ടറിലായി ഇതിനോടകം സ്‌ട്രോബറി വിളയിച്ചിട്ടുണ്ട്. കിലോഗ്രാമിന് 400 രൂപക്കാണ് ഹോർട്ടികോർപ്പ് സ്‌ട്രോബറി സംഭരിക്കുന്നതെന്നും വിനയൻ പറഞ്ഞു. പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.വി. ജയശ്രീ, ഹോർടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ. സജീവ്, റീജിയണൽ മാനേജർ ആർ. ഷാജി, ഡെപ്യൂട്ടി ഡയറക്ടർമാരായ പ്രിൻസ് മാത്യു, ജോർജ് സെബാസ്റ്റ്യൻ, കെ. സുലൈഖ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.