ഇടുക്കി: സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ മികവ് പുലർത്തിയ ജനപ്രതിനിധികൾക്കു നൽകുന്ന പ്രതിഭാ പുരസ്‌കാരം 2020ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അർഹനായി. കാര്യക്ഷമവും ജനോപകാരപ്രദവുമായ വേറിട്ട പദ്ധതികൾ ഏറ്റെടുത്ത് സാമൂഹ്യപുരോഗതിക്ക് മികച്ച സംഭാവനകൾ നൽകിയവരെയാണ് അവാർഡിന് പരിഗണിച്ചത്. വയനാട് വൈത്തിരി വില്ലേജിൽ നടന്ന ചടങ്ങിൽ മന്ത്രി എ.സി മൊയ്തീൻ അവാർഡ് വിതരണം ചെയ്തു. പദ്ധതി നിർവ്വഹണത്തിൽ തുടർച്ചയായി 100 ശതമാനം നേട്ടം, പി.എം.എ.വൈ പദ്ധതി 100 ശതമാനം പൂർത്തീകരണം, ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങൾ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി കുടുംബോരോഗ്യകേന്ദ്രമായി ഉയർത്തൽ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സോളാർ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കൽ, ഓഫീസ് ഹൈടെക് സംവിധാനത്തിലാക്കൽ, ഐ.എസ്.ഒ 9001- 2015 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്, മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പദ്ധതികളിലൂടെ മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിനെ സംസ്ഥാന തലത്തിൽ മുൻപന്തിയിൽ എത്തിക്കുന്നതിന് നേത്വത്വം നൽകിയതിനാണ് പുരസ്‌കാരത്തിന് അർഹനായത്.