കാഞ്ഞാർ: മുട്ടം- കാഞ്ഞാർ മേഖലയിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ കത്തിനശിച്ചു. പല മേഖലകളിലും അഗ്നിരക്ഷാ സേനയ്ക്ക് എത്തിചേരാൻ സാധിക്കാത്തതിനാൽ കനത്ത നഷ്ടമാണ് ഉണ്ടായത്. ശങ്കരപ്പിള്ളി പച്ചിലാംകുന്ന് ഭാഗത്ത് വെള്ളിയാഴ്ച രാവിലെ പടർന്ന് പിടിച്ച തീ ഒരു പ്രദേശം ഇല്ലാതാക്കി. ചുരയ്ക്കപുരയിടത്തിൽ മാത്യുവിന്റെ പുരയിടത്തിലാണ് തീ ആദ്യം കണ്ടത്. പിന്നീട് ഇത് പ്രദേശമാകെ വ്യാപിച്ചു. പൈതയ്ക്കൽ രാമകഷ്ണൻ, പൈതയ്ക്കൽ ശശി എന്നിവരുടെ പുരയിടത്തിലേക്ക് തീ പടർന്നു. ശശിയുടെ 30 റബ്ബർ തൈകൾ കത്തിനശിച്ചു. രാമകൃഷ്ണന്റെ വീടിന് സമീപം വരെ തീ എത്തി. കിഴുക്കാംതൂക്കായ പ്രദേശമായതിനാൽ തീ നിയന്ത്രിക്കാൻ നാട്ടുക്കാർക്കും സാധിച്ചില്ല. മാടപ്പശേരിയിൽ അജയന്റെ പുരയിടത്തിലേക്കും തീ പടർന്നു. വെഞ്ചാപുറത്ത് രാജൻ, പാറ പുരയ്ക്കൽ തോമസ് എന്നിവരുടെ കൃഷികൾ കത്തിനശിച്ചു. കാഞ്ഞാർ- കൂവപ്പള്ളി കുന്നുംപുറത്ത് (പുരയിടത്തിൽ) തോമസിന്റെ റബർ തോട്ടത്തിൽ വൈദ്യുതി കമ്പിയിൽ നിന്ന് തീ പടർന്ന് ഒരേക്കർ റബർ തോട്ടം കത്തി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ തന്നെ മൂലമറ്റത്ത് നിന്ന് അഗ്നി രക്ഷാ സേന എത്തി തീ അണച്ചതിനാൽ കൂടുതൽ പ്രദേശത്ത് തീ പടർന്നില്ല. കാഞ്ഞാർ കൂരവളവിന് മുകൾ ഭാഗത്തുള്ള റബർ തടികൾ വെട്ടിമാറ്റിയ തോട്ടത്തിന് തീപിടിച്ചു. ഇവിടേക്ക് അഗ്നി രക്ഷാ സേനയ്ക്ക് എത്തിചേരാൻ സാധിക്കില്ല. വേനൽ കനത്തതോടെ വ്യാപക തീപിടിത്തമാണ് വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. കാറ്റുള്ള സമയത്ത് ഉണ്ടാകുന്ന തീ പിടിത്തം നിയന്ത്രണ വിധേയമാക്കാൻ ദിവസങ്ങളോളം ഫയർഫോഴ്സ് കഷ്ടപ്പെടുകയാണ്.