തൊടുപുഴ: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷന് (ഐ.എൻ.ടി.യു.സി) സമരപ്രചാരണ വാഹനജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിർമ്മാണ തൊഴിലാളി ക്ഷേമ പദ്ധതികൾ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. തൊഴിലാളി വർഗ പാർട്ടിയെന്ന് മേനി പറയുന്ന ഈ സർക്കാരിന്റെ കാലത്ത് തൊഴിലെടുക്കുന്നവർക്ക് യാതൊരു സംരക്ഷണവും ഇല്ല. നിർമ്മാണ തൊഴിലാളി പദ്ധതിയിൽ നിന്ന് പെൻഷൻ പറ്റിയിട്ടുള്ളവർക്ക് ഇപ്പോൾ നൽകുന്നത് 1200 രൂപ മാത്രമാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ് ക്യാപ്ടനായുള്ള ജാഥ 24ന് ഇടുക്കിയിലെത്തും. 3.30ന് ഉടുമ്പന്നൂർ, 4.30ന് തൊടുപുഴ, 25ന് രാവിലെ 8.30ന് വെള്ളത്തൂവൽ, 10.30ന് രാജാക്കാട്, 11.45ന് പാറത്തോട്, ഒന്നിന് മുരിക്കാശേരി, 2.30ന് തങ്കമണി, 3.30ന് കട്ടപ്പന, അഞ്ചിന് ഉപ്പുതറ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എ.പി. ഉസ്മാൻ, കെ.പി. റോയി, റോയി കുര്യൻ, ബാബു കളപ്പുര, മനോജ് കൊക്കാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.