കട്ടപ്പന: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള പ്രഥമ പരീക്ഷ കടുപ്പമെന്ന് ഉദ്യോഗാർഥികൾ. പതിവു പി.എസ്.സി പരീക്ഷകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നെങ്കിലും പരീക്ഷയുടെ ആദ്യഘട്ടമാണ് ഉദ്യോഗാർഥികൾക്ക് ബാലികേറാമലയായത്. ജനറൽ സ്റ്റഡീസ് ഒന്നാം ഭാഗം പരീക്ഷ രാവിലെ 10മുതൽ 12വരെയും രണ്ടാം ഭാഗം 1.30 മുതൽ 3.30 വരെയുമായിരുന്നു. ഇടുക്കി ജില്ലയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ 85 ശതമാനം പേർ 50 സെന്ററുകളിലായി പരീക്ഷയെഴുതി. ഇന്ത്യ ചരിത്രം, കേരള ചരിത്രം, ലോക ചരിത്രം, കേരള സാംസ്‌കാരിക പൈതൃകം, ഇന്ത്യൻ ഭരണഘടന, റീസണിംഗ്, മെന്റൽ എബിലിറ്റി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ നിന്നായിരുന്നു ഒന്നാംഭാഗത്തിലെ ചോദ്യങ്ങൾ. രണ്ടാംഭാഗത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ, കേരള സമ്പദ് വ്യവസ്ഥ, സയൻസ് ആൻഡ് ടെക്‌നോളജി, എൻവയോൺമെന്റ്, മലയാളം, ഇംഗ്ലീഷ്, കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും.