കട്ടപ്പന: കെ.എ.എസ്. പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥിയുടെ കാലിൽ കുപ്പിച്ചില്ല് തുളച്ചുകയറി. കട്ടപ്പന പ്ലാപ്പറ ബിനിലാമോൾ സാബുവിനാണ് (25) പരിക്കേറ്റത്. ഇന്നലെ അണക്കര ഗവ. ഹൈസ്‌കൂളിലെ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം. ഒന്നാംഭാഗം പരീക്ഷ എഴുതിയശേഷം സ്‌കൂൾ വളപ്പിലെ പൂന്തോട്ടത്തിലുള്ള ഇരിപ്പിടത്തിൽ എത്തിയപ്പോഴാണ് കാലിൽ കുപ്പിച്ചില്ല് കയറിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ തുണി വച്ചുകെട്ടിയാണ് രണ്ടാംഭാഗം പരീക്ഷ എഴുതിയത്. സ്‌കൂളിലെ ജീവനക്കാരിയോട് ഇക്കാര്യം ധരിപ്പിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് പരീക്ഷയ്ക്കുശേഷം കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.