തൊടുപുഴ: ഒടുവിൽ ശമ്പളം കിട്ടിയത് ഒാണത്തിന്. കഴിഞ്ഞ അഞ്ച് മാസമായി ശമ്പളമില്ലാതെമുഴുപ്പട്ടിണിയിൽ ഒരു കൂട്ടം അദ്ധ്യാപകർ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 270 ഏകാദ്ധ്യാപ വിദ്യാലയങ്ങളിലെ 340 അദ്ധ്യാപകർക്കാണ് ഈ ദുർഗ്ഗതി. ആദിവാസി മേഖലകളിലും തീരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഈ വിദ്യാലയങ്ങളിൽ പതിനായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്.
കുട്ടികൾക്ക് ഉച്ചഭക്ഷണമടക്കം പോഷകാഹാരത്തിനുള്ള പണവും മുടങ്ങി.. അദ്ധ്യാപകരുടെ കുടുംബം പട്ടിണിയിലാണെങ്കിലും കടമായും മറ്റും സാധനങ്ങൾ വാങ്ങി കുട്ടികൾക്കുള്ള ഭക്ഷണത്തിന് മുടക്കം വരാതെ അവർ നോക്കുന്നു. നൂറിലേറെ വിദ്യാർത്ഥികളുള്ള നിരവധി വിദ്യാലയങ്ങളുണ്ട്. വന്യമൃഗങ്ങളുടെയടക്കം ശല്യമുള്ള വനമേഖലയിൽ താമസിച്ചാണ് പല അദ്ധ്യാപകരും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. 17,325 രൂപയായിരുന്ന ശമ്പളം സർക്കാർ 18,500 രൂപയായി ഉയർത്തിയെങ്കിലും പുതുക്കിയ ശമ്പളം ഇനിയും കിട്ടിയില്ല. ഹെഡ്മാസ്റ്ററുടെ മുതൽ പ്യൂണിന്റെ വരെ ജോലി അദ്ധ്യാപകർ ഒറ്റയ്ക്ക് ചെയ്യണം. ഒന്ന് മുതൽ നാലാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും ഒരാൾ തന്നെ പഠിപ്പിക്കണം..
ഭക്ഷണത്തിന് ഒരു കുട്ടിക്ക് 8രൂപ
ഒരു ദിവസം ഒരു കുട്ടിക്ക് ഭക്ഷണത്തിന് എട്ട് രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. ദിവസവും മൂന്ന് കറികളടങ്ങിയ ഊണ് . ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും .എട്ട് രൂപ വളരെ കുറവാണെങ്കിലും ഇത് പോലും മാസങ്ങളായി കിട്ടുന്നില്ല. എന്നാൽ, പാചകക്കാരന് ദിവസം 550 രൂപ വീതം സർക്കാർ മുടക്കമില്ലാതെ നൽകുന്നുണ്ട്.
ഫണ്ടില്ലെന്ന് അധികൃതർ
1997ൽ ഗോത്രവർഗ മേഖലയിലെയും തീരപ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിന് സർക്കാർ ഡി.പി.ഇ.പിയിൽപ്പെടുത്തി ആരംഭിച്ചതാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങൾ.. 2012ൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതോടെ,ഇവയെ പ്രൈമറി സ്കൂളുകളാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. 2011 വരെ സർവശിക്ഷാ അഭിയാൻ വഴി കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നു. ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിനാണ് ചുമതല. അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നതിന് ഫണ്ടില്ലെന്നാണ് അധികൃരുടെ നിലപാട്. .
'ഞങ്ങളുടെ കുടുംബം മുഴുപ്പട്ടിണിയിലാണ്. ഇനിയും സർക്കാർ കനിഞ്ഞില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ല."
-വിജയൻ, സംസ്ഥാന ജനറൽ
സെക്രട്ടറി, എ.എസ്.ടി.എ