കട്ടപ്പന: സുപ്രീംകോടതിയുടെ സംവരണ വിധിയിൽ പ്രതിഷേധിച്ച് ദളിത് സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഹൈറേഞ്ചിൽ ഭാഗികം. ജനജീവിതത്തെ ഒരുതരത്തിലും ഹർത്താൽ ബാധിച്ചില്ല. കട്ടപ്പന നഗരത്തിൽ ഞായറാഴ്ച തുറക്കാറുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിച്ചെങ്കിലും തിരക്ക് കുറവായിരുന്നു. കട്ടപ്പന മാർക്കറ്റിലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിച്ചു. നാട്ടുകാർ വീടുകളിൽ സമയം ചെലവഴിച്ചപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു നഗരത്തിൽ ഏറെയും. ഹർത്താലനുകൂലികൾ പോലും പുറത്തിറങ്ങിയില്ല. ഒരുകേന്ദ്രങ്ങളിലും വാഹനങ്ങൾ തടയുകയോ കടകൾ അടപ്പിക്കുകയോ ചെയ്തില്ല. നിരത്തുകളിൽ പതിവുപോലെ വാഹനങ്ങൾ കടന്നുപോയി. കട്ടപ്പന ഡിപ്പോയിലെ മുഴുവൻ കെ.എസ്.ആർ.ടി.സി. സർവീസുകളും മുടക്കമില്ലാതെ സർവീസ് നടത്തി. എന്നാൽ യാത്രക്കാർ കുറവായതിനാൽ സ്വകാര്യ ഹ്രസ്വദൂര സർവീസുകൾ കുറവായിരുന്നു. ഉപ്പുതറയിലെ മുഴുവൻ കടകളും തുറന്നെങ്കിലും സ്വകാര്യ ബസുകൾ സർവീസ് നടത്താതിരുന്നത് വ്യാപാരത്തെ ബാധിച്ചു.