kpn
ഹർത്താൽ ദിനത്തിൽ കട്ടപ്പന കുന്തളംപാറ റോഡിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ തിരക്ക്.

കട്ടപ്പന: 'ഭായി'മാർക്ക് എന്ത് ഹർത്താൽ?. പതിവു ഞായറാഴ്ച പോലെ ഹർത്താൽ ദിനത്തിലും കട്ടപ്പനയെ സജീവമാക്കി ഇതര സംസ്ഥാന തൊഴിലാളികൾ കളംനിറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്കുമുമ്പിലും വഴിയോരത്തും 'ഭായി'മാർ ഒത്തുകൂടി 'മാവോ'(മുറുക്കാൻ) ചവച്ചും സൊറ പറഞ്ഞും സമയം ചെലവഴിച്ചു. ഹർത്താൽ 'ദുർബല'മായിരുന്നെങ്കിലും നാട്ടുകാർ നഗരത്തിൽ ഇറങ്ങിയതേയില്ല. പകരം ഇതര സംസ്ഥാന തൊഴിലാളികളുടെ 'നിയന്ത്രണ'ത്തിലായിരുന്നു നഗരം. രാവിലെമുതൽ ഹൈറേഞ്ചിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ നഗരത്തിലെത്തി. ഞായറാഴ്ച്ചകളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കച്ചവടം ലക്ഷ്യമിട്ടുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ഇന്നലെയും തുറന്നു. നഗരത്തിന്റെ വിവിധ സ്ഥലങ്ങൾക്കു പുറമേ കുന്തളംപാറ റോഡും മാർക്കറ്റുകളുമാണ് ഇവർ പ്രധാന താവളങ്ങൾ. ഞായറാഴ്ചകളിൽ കുന്തളംപാറ റോഡിന് 'ബംഗാളി സ്ട്രീറ്റ്' എന്നാണത്രേ ചിലർ പേരിട്ടിരിക്കുന്നത്. കൂടുതൽ പേരും കുടുംബാംഗങ്ങൾക്കൊപ്പമാണ് ഞായറാഴ്ച സവാരിക്ക് എത്തുന്നത്. ഒരാഴ്ചയ്‌ത്തേയ്ക്കുള്ള അവശ്യസാധനങ്ങൾ വാങ്ങി വൈകുന്നേരത്തോടെ തിരികെ മടങ്ങുന്നു. ഹോട്ടലുകൾ, ചായക്കടകൾ, മൊബൈൽ ഫോൺ കടകൾ, പഴവർഗ വിൽപന കേന്ദ്രങ്ങളിൽ ഇവരുടെ വലിയ തിരക്കാലിയിരുന്നു. അതേസമയം സഹപ്രവർത്തകരുടെ കച്ചവടം ലക്ഷ്യമിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ തന്നെ വസ്ത്രങ്ങളും ചെറുപലഹാരങ്ങളും ഫാൻസി സാധനങ്ങളും വിൽപന നടത്തിവരുന്ന കാഴ്ചയാണ് നാളുകളായി കണ്ടുവരുന്നത്.കഴിഞ്ഞ ഡിസംബർ 15ന് ഇതര സംസ്ഥാന തൊഴിലാളികൾ കട്ടപ്പനയിൽ ബോധവൽക്കരണം നടത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ അക്രമവും അടിപിടിയും പതിവായതോടെയാണ് സഹപ്രവർത്തകരെ ബോധവൽകരിക്കാൻ ഹിന്ദി കാരി വർക്കേഴ്‌സ് മീറ്റിംഗ് എന്ന പേരിൽ 'ഭായി'മാർ യോഗം ചേർന്നത്. കേരളം നമ്മുടെയും നാടാണെന്നും ഇവിടെ ജോലി ചെയ്യുമ്പോൾ ഇവിടുത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും മദ്യപിച്ച് വഴിയിൽ കിടക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുതെന്നുമുള്ള നിർദേശങ്ങൾ നൽകിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.