ഇടുക്കി : സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ചക്കുപള്ളം പഞ്ചായത്തും സംയുക്തമായി നിർമ്മിച്ച ചക്കുപള്ളം മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും ക്ഷീര കർഷക സെമിനാറും ഇന്ന് രാവിലെ ഒൻപതിന് മൃഗാശുപത്രി പരിസരത്ത് മൃഗസംരക്ഷണ, ക്ഷീരവികസന, വനംവന്യജീവി മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിക്കും. ഇ.എസ്. ബിജിമോൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും.
ഗ്രാമ പഞ്ചായത്തിന്റെ സ്ഥലത്ത് 28 ലക്ഷം രൂപ ചെലവഴിച്ചാണ് മൃഗാശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് കുസുമം സതീഷ് സ്വാഗതം പറയും. മൃഗസംരക്ഷണ ഡയറക്ടർ ഡോ. എം.കെ.പ്രസാദ് പദ്ധതി വിശദീകരിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോൾ ചാക്കോ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സാജു ജോസഫ്, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻസി ബിജു, ചക്കുപള്ളം സീനിയർ വെറ്ററിനറി സർജൻ ഡോ.പി.പാർത്ഥിപൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.