കട്ടപ്പന: നേതാക്കളുടെ ചിത്രം മാറ്റി സിനിമാ ഷൂട്ടിംഗ് നടത്തിയതിനെത്തുടർന്ന് വിവാദമായ കട്ടപ്പന വള്ളക്കടവിലെ രാജീവ്ഗാന്ധി രക്തസാക്ഷി മണ്ഡപം ചലച്ചിത്ര പ്രവർത്തകർ പുനസ്ഥാപിച്ചു നൽകി. നേരത്തെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ സിനിമ ചിത്രീകരണത്തിനു വിട്ടുനൽകിയ മണ്ഡപം വികൃതമാക്കിയെന്നു പ്രവർത്തകർക്കിടയിൽ ആക്ഷേപമുയർന്നിരുന്നു. ഒരാഴ്ച മുമ്പാണ് ഷൂട്ടിംഗിനായി മണ്ഡപം വിട്ടുകൊടുത്തത്. തുടർന്ന് മണ്ഡപത്തിലെ ഗാന്ധിജിയുടെയും രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ചിത്രങ്ങളും കോൺഗ്രസിന്റെ കൊടിയും നീക്കി മറ്റൊരു പെയിന്റടിച്ചും കൊടിയുയർത്തിയും സിനിമ ചിത്രീകരണം നടത്തുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട കോൺഗ്രസിലെ ഒരുവിഭാഗം പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി. ഇതേച്ചൊല്ലി പാർട്ടിക്കുള്ളിൽ അസ്വാരസ്യവും ഉടലെടുത്തിരുന്നു. അതേസമയം പഴയരീതിയിൽ പുനസ്ഥാപിച്ചുനൽകാമെന്ന വ്യവസ്ഥയിലാണ് മണ്ഡപം വിട്ടുനൽകിയതെന്നും പണം ഈടാക്കിയിട്ടില്ലെന്നും കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അറിയിച്ചിരുന്നു. ഒടുവിൽ വിവാദങ്ങൾക്കു വിരാമിട്ട് കഴിഞ്ഞദിവസം ചിത്രീകരണത്തിനുശേഷം സിനിമയുടെ അണിയറ പ്രവർത്തകർ മണ്ഡപം പെയിന്റടിച്ച് ചിത്രങ്ങൾ തിരികെ സ്ഥാപിക്കുകയായിരുന്നു.