
തൊടുപുഴ: ടൗണിന് ഹൃദയഭാഗത്തുള്ള റോഡ് നെടുനീളെ വെട്ടിപൊളിച്ചിട്ട് ആഴ്ച രണ്ടാകാറായിട്ടും പഴയപടിയിലാക്കി ടാർ ചെയ്യുന്നതിനെക്കുറിച്ച് അധികൃതർ ചിന്തിക്കുന്നതുപോലുമില്ല. നഗര ശുദ്ധജല പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വേനൽ തുടക്കത്തിൽ തന്നെ റോഡ് മാന്തുന്നത്. നഗരസഭാ ഓഫീസ് മുതൽ റസ്റ്റ്‌ഹൗസ് വരെയുള്ള റോഡ് എസ്‌കവേറ്റർ ഉപയോഗിച്ച് വെശിപാളിച്ചിട്ട് രണ്ടാഴ്ചയോളമായി. കുഴിച്ച ഭാഗം മൂടിയെങ്കിലും ഉടനെ പൈപ്പ് പൊട്ടി അവിടമാകെ വെള്ളമായി. ടാർ ചെയ്യാത്തതിനാൽ വെള്ളം കെട്ടിനിന്ന് ചെളിക്കുഴികൾ രൂപം കൊണ്ടു. കുടിവെള്ള ക്ഷാമം നേരിടുന്ന വേനൽക്കാലത്ത് വെള്ളം പാഴാകുന്നതാണ് മറ്റൊരു പ്രശ്‌നം. ഇതോടെ ടൗണിലെത്തുന്നവർക്ക് മറ്റൊരു ദുരിതമായി ഇത് മാറി. രാത്രിയിലടക്കം റോഡിൽ വെട്ടിപൊളിച്ച ഭാഗത്ത് വീണ് പരിക്കേൽക്കുന്ന ഇരുചക്രവാഹന യാത്രികരും കുറവല്ല. വാട്ടർ അതോറിട്ടി പി.എച്ച് സബ്ഡിവിഷന് കീഴിൽ തൊടുപുഴ നഗരത്തിൽ പൂർണമായും ശുദ്ധജലമെത്തിക്കുന്ന പദ്ധതിയുടെ പൈപ്പിടൽ ജോലിയാണ് നടക്കുന്നത്. രാത്രികാലങ്ങളിലാണ് പൈപ്പിടുന്നതിനായി റോഡ് കുഴിക്കുന്നത്. രാത്രി തന്നെ കുഴി മൂടുമെങ്കിലും ടാർ ചെയ്യാൻ വൈകുന്നതാണ് ദുരിതമാകുന്നത്.
അന്ന് മൂടിയത് മാസങ്ങൾ കഴിഞ്ഞ്
ഒരുവർഷം മുമ്പും വാട്ടർ അതോറിട്ടി നഗരത്തിൽ റോഡ് വ്യാപകമായി കുത്തിപ്പൊളിച്ചിരുന്നു. നഗര ശുദ്ധജല പദ്ധതി നവീകരണത്തിെന്റ ഭാഗമായാണ് റോഡ്അന്ന് പൊളിച്ചത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പൂർവസ്ഥിതിയിലാക്കാൻ വൈകിയതോടെ ജനരോഷം ഉയർന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് തട്ടിക്കൂട്ട് പണികൾ നടത്തിയെങ്കിലും ഇതും പൂർണമായിട്ടില്ല. അശാസ്ത്രീയമായ ടാറിംഗ് കാരണം പലഭാഗത്തും റോഡ് ഇടിഞ്ഞ് താഴ്ന്നു പോയി.
തുക നൽകാത്തത് പ്രശ്നം
ശുദ്ധജല വിതരണത്തിനായി റോഡ് കുത്തിപ്പൊളിക്കുമ്പോൾ അറ്റകുറ്റപണി നടത്തുന്നതിന് വേണ്ടിവരുന്ന തുക വാട്ടർ അതോറിട്ടിയാണ് പൊതുമരാമത്ത് വകുപ്പിന് നൽകേണ്ടത്. എന്നാൽ വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയും സാമ്പത്തിക നിയന്ത്രണങ്ങളാലും കുത്തിപ്പൊളിച്ച ഭാഗം നന്നാക്കുന്ന ജോലി സമയ ബന്ധിതമായി നടക്കാറില്ല.