തൊടുപുഴ: പുരയിടത്തിലെ കാടു വെട്ടിത്തെളിച്ച് കത്തിച്ചു കളയുന്നതിനിടെ തീ പടർന്നു പിടിച്ചു. തുടർന്ന് അഗ്‌നിശമനസേനാംഗങ്ങൾ എത്തി തീയണച്ചു. വെങ്ങല്ലൂർ ചെറായിക്കൽ ഗുരു ഐ.ടി.സിക്ക് സമീപം ജോസഫ് പുലിമലയിലിന്റെ പുരയിടത്തിലാണ് തീ പടർന്നു പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.15 നായിരുന്നു തീപിടുത്തമുണ്ടായത്. പൈനാപ്പിൾ കൃഷിക്ക് നിലം ഒരുക്കുന്നതിന്റെ ഭാഗമായി കാടു തെളിച്ചു കത്തിച്ചു കൊണ്ടിരിക്കെ പറമ്പിൽ പലയിടങ്ങളിലായി കൂടികിടന്നിരുന്ന ആയുർവേദ മരുന്നിന് ഉപയോഗിക്കുന്ന ഔഷധകൂട്ടുകളുടെ അവശിഷ്ടത്തിന് തീ പിടിക്കുകയും മേഖലയാകെ വ്യാപിക്കുകയുമായിരുന്നു. ഒരു വശത്തായി ആഞ്ഞിലിതടികൾ വെട്ടി ഒരുക്കിയിട്ടിരുന്നതിനോട് ചേർന്ന് തീ എത്തിയെങ്കിലും അഗ്നിശമന സേനാംഗങ്ങളെത്തി വെള്ളം തളിച്ച് തീയണച്ചതിനാൽ നാശനഷ്ടമുണ്ടായില്ല.