തൊടുപുഴ: സംവരണത്തിനെതിരായ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികമായിരുന്നു. ഒരിടത്തും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഞായറാഴ്ച കൂടിയായതിനാൽ പലയിടത്തും ഹർത്താലിന്റെ പ്രതീതിയുണ്ടായില്ല. ജില്ലയിലെ പ്രധാന ടൗണുകളിലടക്കം കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. പെട്രോൾ പമ്പുകൾ പ്രവർത്തിക്കാത്തത് വാഹനയാത്രികരെ വലച്ചു. സ്വകാര്യ വാഹനങ്ങൾ ഭൂരിഭാഗവും വൈകിട്ടോടെയാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. എന്നാൽ കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്ന് സർവീസുകൾ നടത്തി. പലയിടങ്ങളിലും ഞായറാഴ്ചകളിലടക്കം പ്രവർത്തിക്കുന്ന ഹോട്ടലുകളും തുറക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. തൊടുപുഴയിൽ ഹർത്താൽ അനുകൂലികൾ ചിലയിടങ്ങളിൽ കടകൾ അടപ്പിച്ചു. ഹൈറേഞ്ച് മേഖലയിലേക്കടക്കം കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത് യാത്രാ ദുരിതം കുറച്ചു. തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് 39 സർവീസുകൾ പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. മൂലമറ്റം ഡിപ്പോയിൽ നിന്ന് എല്ലാ ഞായറാഴ്ചയിലെയും പോലെ 11 സർവീസുകളും നടത്തി. അടിമാലി മൂന്നാർ മേഖലയിലും ഹർത്താൽ ഭാഗികമായിരുന്നു. അടിമാലിയിൽ സ്വകാര്യ ബസുകൾ ഓടാത്തതിന് പിന്നാലെ കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. തമിഴ്‌നാട്ടിൽ നിന്നുള്ള ബസുകൾ അതിർത്തിവരെ മാത്രമാണ് സർവീസ് നടത്തിയത്. ടൂറിസം മേഖലയിൽ ഹർത്താൽ ബാധിച്ചില്ല. ജില്ലാ ആസ്ഥാന മേഖലയിലും കടകേമ്പാളങ്ങൾ അടഞ്ഞു കിടന്നെങ്കിലും സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. രാജാക്കാട്, രാജകുമാരി, സേനാപതി, നെടുങ്കണ്ടം മേഖലകളിലും ഹർത്താൽ ഭാഗികമായിരുന്നു.

തൊടുപുഴയിൽ ഹർത്താലുമായി ബന്ധപ്പെട്ട് മൂന്ന് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കെ.ഡി.എസ്.എസ് ചെയർമാൻ വിജോ വിജയൻ, കെ.ഡി.പി സംസ്ഥാന സെക്രട്ടറി സജി നെല്ലാനിക്കാട്ട്, കേരള ആദിവാസി ഫോറം ജില്ലാ പ്രസിഡന്റ് പി.എൻ മോസസ് എന്നിവരെയാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചത്. പിന്നീട് വിട്ടയച്ച ഇവർക്ക് ദലിത് സംയുക്ത സമിതി പ്രവർത്തകർ സ്വീകരണം നൽകി. സ്റ്റേഷന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധിസ്‌ക്വയറിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ഐ. ജോണി (ദലിത് ഐക്യ സമിതി, ജോൺസൻ, ജോഷ്വാ (ആദിവാസി ഫോറം), കെ. സന്ദീപ് ( എ.ജെ.പി) രാജൻ മക്കുപാറ (കെ.സി.എസ്), ചാക്കോ ആറ്റുപള്ളി ,ആലയിൽ കുഞ്ഞപ്പൻ, കെ.വി കുമാരൻ എന്നിവർ പ്രസംഗിച്ചു.